Sun. Dec 22nd, 2024
Fathima Sana reveals on child abuse she faced
മുംബൈ:

മൂന്നു വയസുള്ളപ്പോൾ തന്നെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ്​ താരം ഫാത്തിമ സന ഷെയ്ഖ്. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെക്കുറിച്ച്​ ഫാത്തിമ സന പിങ്ക്​വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് സ്വകാര്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും താരം തുറന്നുപറഞ്ഞത്. സിനിമ മേഖലയിൽ  അവസരം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ട നിരവധിപേരുണ്ടെന്നും ഫാത്തിമ പറയുന്നു.

“അഞ്ചുവയസുള്ളപ്പോൾ എന്നെ ഉപദ്രവിച്ചു. അല്ല… എനിക്ക്​ അന്ന്​ മൂന്നുവയസായിരുന്നു. അതിനാൽതന്നെ ലൈംഗികത എത്ര ആഴത്തിൽ വേ​രോടിയിട്ടുണ്ടെന്ന്​ നിങ്ങൾക്ക്​​ മനസിലാക്കാം. ഇത്​ എല്ലാ സ്​ത്രീകളുടെയും യുദ്ധമാണ്. എല്ലാ ദിവസവും സ്​ത്രീകളും ന്യൂനപക്ഷവും അടങ്ങുന്ന സമൂഹം പോരാടികൊണ്ടിരിക്കുന്നു. ഞങ്ങളുടെ ഭാവി മികച്ചതാകുമെന്ന്​ ഞാൻ കരുതുന്നു. ഞങ്ങൾക്ക്​ ഭാവിയിൽ പ്രതീക്ഷയുണ്ട്,” താരം അഭിമുഖത്തിൽ പറഞ്ഞു.​

മികച്ച അവസരങ്ങൾക്ക് ഒരേയൊരു മാർഗം ലൈംഗിക ബന്ധമാണെന്ന്​ പറഞ്ഞ നിരവധി പേരെ താൻ കണ്ടുമുട്ടിയിട്ടുണ്ടെന്നും, അതിന് വഴങ്ങാതിരുന്നതുകൊണ്ട് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു. സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലകളിലും ലിംഗവിവേചനം ശക്തമായി നിലനിൽക്കുന്നു. നിരവധി പ്രശ്​നങ്ങളെ അഭിമുഖീകരിക്കുന്ന നിരവധിപേർ ഇവിടെയുണ്ട്​ ഫാത്തിമ കൂട്ടിച്ചേർത്തു.

1997 ൽ ബാലതാരമായാണ് ഫാത്തിമ സന സിനിമ രംഗത്തേക്ക് എത്തുന്നത്. 2016ൽ ആമിർ ഖാൻ ചിത്രം ദംഗലിൽ പ്രധാനവേഷം ഫാത്തിമ ചെയ്തിരുന്നു. 2018ൽ പുറത്തിറങ്ങിയ തഗ്​സ്​ ഓഫ് ഹിന്ദുസ്ഥാനിലും ഫാത്തിമ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തു. നവംബർ 12ന്​ നെറ്റ്​ഫ്ലിക്​സിൽ റിലീസ്​ ചെയ്യുന്ന ലൂഡോയാണ്​ സനയുടെ അടുത്ത ചിത്രം.

 

 

By Arya MR