Thu. Mar 28th, 2024
PM Slams opposition over Pulwama attack

 

അഹമ്മദാബാദ്:

പുല്‍വാമ ആക്രമണസമയത്ത് ചിലർ രാഷ്ട്രീയം മാത്രമാണ് നോക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തില്‍ ചിലര്‍ക്ക് ദു:ഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ ഗുജറാത്തില്‍ സബര്‍മതി നദീതീരത്ത് സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരേഡിലും പ്രധാനമന്ത്രി പങ്കെടുത്തു.

ലോകത്തിലെ എല്ലാം രാജ്യങ്ങളും എല്ലാ സര്‍ക്കാരുകളും എല്ലാ മതങ്ങളും ഭീകരതയ്‌ക്കെതിരെ ഒന്നിക്കണമെന്ന് മോദി പറഞ്ഞു. സമാധാനം, സാഹോദര്യം, പരസ്പര ബഹുമാനം എന്നിവയാണ് മനുഷ്യരാശിയുടെ യഥാര്‍ത്ഥ സ്വത്വം. ഭീകരത-ആക്രമണം എന്നിവയില്‍ നിന്ന് ആര്‍ക്കും ഒരു പ്രയോജനവും നേടാനാകില്ലെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പോരാളികളെ ലോകം പ്രശംസിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്. കർഷകരെ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam