Mon. Dec 23rd, 2024
പാലക്കാട്:

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടുള്ള ഐ ഫോൺ വിവാദത്തിൽ രമേശ് ചെന്നിത്തലയെ പ്രതി ചേർക്കാൻ ശ്രമിച്ചതിനെതിരെ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വിടി ബൽറാം എംഎൽഎ. ഹീനമായ പ്രചരണ മെഷിനറിയാണ് സിപിഎമ്മിന്‍റേതെന്ന് വിടി ബൽറാം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുക കൂടി ചെയ്യുക എന്നതാണ് അവരുടെ രീതി എന്ന് വീണ്ടും ബോധ്യമാവുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ലൈഫ് മിഷൻ പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് കൈക്കൂലിയായി യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് ശിവശങ്കറിന്റെ പക്കലുണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. മറ്റൊരെണ്ണം കോടിയേരി ബാലകൃഷ്ണന്റെ പേഴ്സണൽ സ്റ്റാഫിലൊരാൾ കൈപ്പറ്റിയത് നേരത്തെ തെളിഞ്ഞതാണ്. എന്നിട്ടാണ് ഇതിന്‍റെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സൈബറിടത്തും മറ്റ് മാധ്യമങ്ങളിലും സിപിഎം ഹീനമായി അധിക്ഷേപിച്ചിരുന്നതെന്നും ബൽറാം പറഞ്ഞു.

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

എന്തുമാത്രം ഹീനമായ പ്രചരണ മെഷിനറിയാണ് ഈ സിപിഎമ്മിൻ്റേത്! സ്വയം തൊട്ടിത്തരം ചെയ്യുക മാത്രമല്ല, അത് മറ്റുള്ളവരുടെ തലയിൽ വച്ച് കെട്ടുക കൂടി ചെയ്യുക എന്നതാണവരുടെ രീതി എന്ന് വീണ്ടും ബോധ്യമാവുന്നു.
ലൈഫ്മിഷൻ അഴിമതിക്കേസിൽ പ്രതി സന്തോഷ് ഈപ്പനിൽ നിന്ന് സ്വപ്ന സുരേഷ് വാങ്ങിയ ഐഫോണുകളിലൊന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന, ലൈഫ്മിഷൻ്റെ ചുമതല നിർവ്വഹിച്ചിരുന്ന ശിവശങ്കറിൻ്റെ കയ്യിൽ ആയിരുന്നെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. വില 99,000 രൂപ മാത്രം!മറ്റൊരു ഫോൺ കോടിയേരി ബാലകൃഷ്ണൻ്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന സിപിഎം സംഘടനാ നേതാവാണ് കൈപ്പറ്റിയതെന്നും നേരത്തേ തെളിഞ്ഞതാണ്.
എന്നിട്ടാണ് ഇതിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സൈബറിടത്തും മറ്റ് മാധ്യമങ്ങളിലും സിപിഎമ്മുകാർ ഹീനമായി അധിക്ഷേപിച്ചിരുന്നത്. രണ്ട് ദിവസം ആവോളം വ്യക്തിഹത്യ ക്യാപ്സ്യൂളുകൾ വിതരണം ചെയ്തതിന് ശേഷം “ആ ആരോപണം ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നില്ല” എന്ന് തീരുമാനിച്ച് ആ “മാന്യത”യുടെ പേരിൽക്കൂടി കയ്യടി നേടാനും സിപിഎം ചർച്ചാത്തൊഴിലാളികൾ ശ്രമിച്ചു.
യഥാർത്ഥ ഉടമകളെ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിൻ്റെ രേഖാമൂലമുള്ള ആവശ്യത്തിന് പറ്റില്ല എന്നായിരുന്നു കേരള പോലീസിൻ്റെ മറുപടി. അന്വേഷിച്ചു ചെന്നാൽ ഇനിയുള്ള 1,14,000 രൂപ വിലയുള്ള ഐഫോൺ ആരുടെ കയ്യിലാണെന്നത് കൂടി പുറത്തുവരുമോ എന്ന ഭയമാണോ പിണറായി വിജയൻ്റെ കീഴിലുള്ള കേരളാ പോലീസിന്?

By Arya MR