Mon. Dec 23rd, 2024
Kodiyeri Balakrsihnan editorial on economic reservation

 

തിരുവനന്തപുരം:

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത്‌ ശതമാനം  സംവരണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനം കേരള സമൂഹത്തിന്റെ പൊതുപുരോഗതിക്ക് ശക്തിപകരുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കും വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ ഇന്നുള്ള തോതിൽ സംവരണം തുടരുമെന്ന നയത്തിൽ എൽഡിഎഫ് ഉറച്ചുനിൽക്കുന്നതായും അദ്ദേഹം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

ഏതെങ്കിലും സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെ സുപ്രീംകോടതി വിലക്കിയിട്ടില്ല. അതിനാൽ, കേരള സർക്കാർ നടപടി തികച്ചും നിയമവിധേയമാണെന്നും കോടിയേരി വ്യക്തമാക്കി.

സർക്കാർ നിലപാട് സംവരണവിഭാഗത്തെ ചതിക്കുന്നതാണെന്ന ആരോപണം തെറ്റാണെന്നും ഇക്കൂട്ടർ മുറുകെ പിടിക്കുന്നത് എൽഡിഎഫ് വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു. ജാതിമത കലാപത്തിലേക്ക് തള്ളിവിടാനുള്ള ഹീന നീക്കമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി. സംവരണ നയത്തിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെന്നും കോടിയേരി പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam