തിരുവനന്തപുരം:
സംസ്ഥാനത്തെ ആരോഗ്യവിവരങ്ങള്‍ കനേഡിയന്‍ ഏജൻസിയായ പിഎച്ച്ആർഐയ്ക്ക് (PHRI) കൈമാറിയിട്ടില്ലെന്ന ആരോഗ്യ വകുപ്പിന്റെ വാദം പൊളിയുന്നു. സോഫ്റ്റ് വെയറില്‍ നിന്ന് ഡാറ്റ നേരിട്ട് കൈകാര്യം ചെയ്യാൻ പിഎച്ച്ആർഐയ്ക്ക് അന്നത്തെ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ അനുമതി നല്‍കിയിരുന്നതായാണ് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന ഇ-മെയിൽ സന്ദേശങ്ങൾ പുറത്ത്. കേരള സർക്കാരിന്റെ കിരൺ ആരോഗ്യ സർവേയിലെ വിവരങ്ങൾ കാനഡയിൽ പ്രവർത്തിക്കുന്ന പോപ്പുലേഷൻ ഹെൽത്ത് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനു കൈമാറുന്നതിന്റെ വിശദാംശങ്ങൾ ‘കാരവന്‍‘ ആണ് പുറത്തുകൊണ്ടുവന്നത്. സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരും ഗവേഷക സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും തമ്മില്‍ കൈമാറിയ ഇമെയില്‍ വിവരങ്ങളടക്കമാണ് കാരവന്‍ പുറത്തുവിട്ടത്. എന്നാൽ വിവാദങ്ങൾക്ക് പിന്നാലെ വിവരശേഖരണത്തിന് അച്ഛുതമേനോന്‍ സെന്ററിനെയാണ് നിയോഗിച്ചിരുന്നതെന്നും ആരോഗ്യവിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞിരുന്നു.