മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ മേഖലയിലും, സർക്കാർ തൊഴിൽ മേഖലയിലും 10% സംവരണം നൽകികൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ പലവിധ വിമർശനങ്ങളാണ് സമൂഹത്തിന്റെ പലമേഖലകളിലും നിന്നും ഉയരുന്നത്. സാമ്പത്തിക സംവരണം അനാവശ്യമാണെന്നും ഇത് പിന്നോക്ക വിഭാഗങ്ങൾക്ക് തിരിച്ചടിയാകുമെന്നുമാണ് പലവിഭാഗങ്ങളുടെയും അഭിപ്രായം. എന്നാൽ, ഇത് മൂലം പിന്നോക്ക വിഭാഗങ്ങൾക്ക് നിലവിലുള്ള സംവരണത്തിനോ അവകാശങ്ങൾക്കോ യാതൊരു തടസവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ, സമൂഹ മാധ്യമങ്ങളിൽ ഈ വിഷയം യുവതലമുറ കൈകാര്യം ചെയ്യുന്നത് വളരെ ആക്ഷേപഹാസ്യരൂപേണയാണ്. സമൂഹം കാലങ്ങൾക്ക് മുൻപേ വിശേഷാധികാരം കല്പിച്ചിട്ടുള്ള ജാതിപരമായി മുന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ എങ്ങനെയാണ് സംവരണം നൽകത്തക്ക വിധത്തിൽ സാമ്പത്തികമായി പിന്നോട്ട് പോയതെന്നാണ് യുവതലമുറ അന്വേഷിക്കുന്നത്.
ബ്രാഹ്‌മണ, ക്ഷത്രിയ കുലങ്ങളിൽ ഉൾപ്പെടുന്നവർ വൈറ്റ് കോളർ ജോലികൾക്കല്ലാതെ ദിവസക്കൂലി ജോലികൾക്ക് പോകാൻ കൂട്ടാക്കാത്തതുകൊണ്ടല്ലേ ഇവർ സാമ്പത്തികമായി പിന്നോക്കം പോയതെന്നാണ് സോഷ്യൽ മീഡിയയിൽ ഇവർ ചോദിക്കുന്നത്. ഇത് സാധൂകരിക്കാൻ ചില പഴയകാല മലയാള ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ട്രോളുകളും പുറത്തിറക്കുന്നുണ്ട്.
അതിൽ ഇപ്പോൾ ഏറ്റവും ട്രെൻഡാകുന്നത് ഗോകുൽ ദിനേശ് എന്ന വ്ലോഗറുടെ ട്രോൾ വീഡിയോയാണ്. ആര്യൻ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന തൊഴിലില്ലാത്ത ബ്രാഹ്മണ കഥാപാത്രം ‘ഇല്ലത്തെ’ പട്ടിണി മാറ്റാൻ അയൽപക്കത്തെ വാഴക്കുല മോഷ്ടിക്കുന്നതിനെയാണ് ആക്ഷേപഹാസ്യരൂപേണ വിമർശിക്കുന്നത്. മോഹൻലാലും മൂന്ന് സഹോദരിമാരും ഉൾപ്പെടെ ആരോഗ്യവാന്മാരായ നാല് പേർ കുടുംബത്തിലുണ്ടായിട്ടും അവർ ഒരു ജോലിയ്ക്കും പോകാത്തതുകൊണ്ടല്ലേ പട്ടിണി നേരിടേണ്ടി വരുന്നതെന്നാണ് ട്രോളിലെ ചോദ്യം. ഇത്തരത്തിൽ ബ്രാഹ്മണ, ക്ഷത്രിയ കുടുംബങ്ങളിലെ പട്ടിണി വളരെ ദയനീയമായി ചിത്രീകരിച്ചിട്ടുള്ള മറ്റ് ചിത്രങ്ങളെയും വളരെ രൂക്ഷമായി തന്നെ ഈ ട്രോൾ വീഡിയോയിൽ കളിയാക്കുന്നുണ്ട്.
മലയാളത്തിലെ പല പ്രമുഖ ട്രോൾ പേജുകളും ഈ വിഷയത്തെ രൂക്ഷമായി കളിയാക്കി ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്.
ജാതി സംവരണം വേണ്ട, ഏകീകൃത സിവിൽ കോഡ് മതിയെന്ന് വാദിച്ചിരുന്നവർ ഇപ്പോൾ മുന്നോക്ക സംവരണത്തെ പിന്തുണയ്ക്കുകയാണ്.
ദളിത്, തൊഴിലാളി വിഭാഗങ്ങൾക്ക് ഒപ്പമാണെന്ന് പ്രഖ്യാപിക്കുന്ന എൽഡിഎഫ് സർക്കാർ ഇപ്പോൾ മുന്നോക്ക വിഭാഗത്തിന് സംവരണം നൽകിയതാണ് മറ്റൊരു ആക്ഷേപം.
മുന്നോക്ക സംവരണത്തെ നേരത്തെ അനുകൂലിക്കുന്നവരാണ് ബിജെപി-ആർഎസ്എസ് പക്ഷം. ഇപ്പോൾ അവരുടെ സവർണ്ണ നിലപാടിനോട് എൽഡിഎഫും കൂട്ടുചേർന്നുവെന്നാണ് ഈ ട്രോൾ പറയുന്നത്.
ഏകീകൃത സിവിൽ കോഡ് വരണമെന്ന് പറഞ്ഞ ബിജെപിക്കാർ ഇപ്പോൾ മുന്നോക്ക സംവരണത്തെ പിന്തുണയ്ക്കുന്നതിനെ കളിയാക്കുകയാണ് ഈ ട്രോൾ.
സർക്കാരിന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് വേണ്ടി ക്ഷേമപദ്ധതി നടപ്പാക്കിയാൽ പോരെ എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.
ഈ അടുത്ത് പ്രസിദ്ധീകരിച്ച എസ്ബിഐ ക്ലർക്ക് തസ്തിക പരീക്ഷയിൽ മുന്നോക്ക വിഭാഗത്തിന് വളരെ കുറഞ്ഞ കട്ട് ഓഫ് മാർക്ക് വെച്ചതിനും ഏറെ വിമർശനമുയർന്നിരുന്നു.