ഡൽഹി:
ഹാഥ്റസിൽ ദളിത് പെൺകുട്ടി മൃഗീയമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസിന്‍റെ വിചാരണ യുപിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിലും കോടതിയുടെ തീരുമാനം ഇന്നുണ്ടാകും.
കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യുപി സര്‍ക്കാര്‍ കോടതിയിൽ പിന്തുണച്ചിരുന്നു. കോടതിയുടെ നിർദ്ദേശാനുസരണം പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഏർപ്പെടുത്തിയതായും യുപി സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, തെളിവ് നശിപ്പിക്കാൻ ശ്രമിച്ച യുപി പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള പൊതുതാത്പര്യ ഹർജികളും ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് നൽകാതെ, കാണാൻ പോലും അനുവദിക്കാതെ പാതിരാത്രിയിൽ പോലീസ് തന്നെ സംസ്കരിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പോലീസ് നടപടി തെളിവുകൾ നശിപ്പിക്കാനാണെന്ന് പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.