Fri. Nov 22nd, 2024
(C): Asianet/Screengrab ; Pinarayi Vijayan, Kanthapuram

കോഴിക്കോട്:

മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ സർവ്വീസുകളിൽ പത്ത് ശതമാനം സംവരണം അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കാന്തപുരം എപി വിഭാഗം. രാഷ്ട്രീയലക്ഷ്യത്തോടെ വൻചതിയാണ് സംവരണത്തിൻ്റെ പേരിൽ സർക്കാർ നടത്തിയതെന്ന് കാന്തപുരം എപി വിഭാഗത്തിന്‍റെ മുഖപത്രമായ സിറാജിലെ എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

സാമ്പത്തിക അവശത ചൂണ്ടിക്കാട്ടി സംവരണത്തിന്റെ അടിസ്ഥാന തത്വം അട്ടിമറിച്ചാണ് സംസ്ഥാന സർക്കാർ സംവരണം നടപ്പിലാക്കിയത്.സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. സവര്‍ണ താല്‍പര്യം മാത്രം മുന്‍നിര്‍ത്തിയാണ് സംവരണം പ്രഖ്യാപിച്ചതെന്നും, സംവരണത്തിൽ നഷ്ടം സംഭവിക്കുന്നത് നിലവിലെ സംവരണ വിഭാഗങ്ങൾക്ക് തന്നെയാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നുണ്ടെന്നും സിറാജിലെ മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. സംസ്ഥാന സര്‍ക്കാരിനോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും അനുഭാവം പുലര്‍ത്തുന്ന സംഘടനയായ കാന്തപുരം എ.പി വിഭാഗത്തിന്‍റെ പ്രത്യക്ഷ വിമര്‍ശനം ചര്‍ച്ചയാകുകയാണ്.

കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കിയത് നിലവിലെ സംവരണ സമുദായത്തിന് ഏറെ ദോഷകരമായ രീതിയിലാണെന്ന്  മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുന്നോക്ക സംവരണം പിന്നോക്കക്കാരെ കൂടുതൽ പിന്നോക്കരാക്കും. തീരുമാനം സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam