Sun. Nov 17th, 2024

പൂനെ:

പൂനെയിലെ കർഷകനിൽ നിന്നും 58 ചാക്ക് സവാള കവർന്ന നാലുപേർ പിടിയിലായി. 2.35 ലക്ഷം രൂപവിലവരുന്ന സവാളയാണ് നാലംഗസംഘം മോഷ്ടിച്ചത്. ഒക്ടോബർ 21നാണ് പൂനെയിലെ കർഷകന്റെ 58 കിലോ ചാക്ക് സവാള മോഷണം പോയതെന്ന് എന്‍ഐയെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. സവാള വില കുതിച്ചുയരുമ്പോഴാണ് ഇത്രയധികം വിലമതിക്കുന്ന സവാളചാക്കുകള്‍ മോഷ്ടിച്ചത്.

രണ്ട് ലക്ഷം രൂപ വിലവരുന്ന 49 ചാക്കുകള്‍ ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ളവ ഇവര്‍ വിറ്റതായി മൊഴിനല്‍കിയതായും പൊലീസ് അറിയിച്ചു. സവാള വില കഴിഞ്ഞ കുറച്ച് ആഴ്ചകളായി 75 രൂപയിലധികമായി ഉയര്‍ന്നിരുന്നു.

കൃഷി ചെയ്യുന്ന മേഖലകളിൽ കനത്ത മഴ ലഭിച്ചതും പൂഴ്ത്തിവയ്പ്പുമാണ് സവാളയുടെ ക്ഷാമത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ആഭ്യന്തര വിതരണം വര്‍ദ്ധിപ്പിക്കുന്നതിനും സവാള വില ഉയരുന്നതില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ആശ്വാസം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ സവാള സംഭരിച്ച് വെയ്ക്കുന്നതിനുള്ള പരിധി നിശ്ചയിച്ചിരുന്നു. ഡിസംബര്‍ 31 വരെ അടിയന്തിരമായാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ചെറുകിട വ്യാപാരികൾക്ക് രണ്ട് ടൺ സവാള മാത്രമേ സൂക്ഷിക്കാൻ അനുവാദമുള്ളൂ. മൊത്തകച്ചവടക്കാർക്ക് 25 ടൺവരെയും സൂക്ഷിക്കാം. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ കർശന പരിശോധനകൾ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam