Thu. Mar 28th, 2024
കൊച്ചി:

കളമശേരി മെഡിക്കൽ കോളജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അന്വേഷണത്തിന്റെ ഭാഗമായാണ് നഴ്‌സിംഗ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തത്. കളമശേരി മെഡിക്കൽ കോളജിനെ തകർക്കാൻ ബോധപൂർവമായി ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചതിനെ തുടർന്ന് നഴ്‌സിംഗ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഓക്സിജൻ ലഭിക്കാതെ മരിച്ച കൊവിഡ് രോഗി ഹാരിസിന്റെ കാര്യത്തിൽ ഗുരുതര അനാസ്ഥയുണ്ടായെന്നും നഴ്സിംഗ് ഓഫിസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്നും അതിന്റെ പേരിൽ നഴ്സിംഗ് ഓഫിസറെ വേട്ടയാടുന്നത് നീതികേടാണെന്നും നജ്മ വെളിപ്പെടുത്തിയിരുന്നു.

ഓക്സിജൻ മാസ്‌ക് അഴിഞ്ഞ നിലയിലും വെൻറിലേഷൻ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചിരുന്നു. ചില നഴ്സിംഗ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിച്ച രണ്ട് രോഗികൾക്കും പരിചരണക്കുറവ് മൂലം ഓക്സിജൻ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നജ്മ തുറന്നുപറഞ്ഞിരുന്നു. ഈ സംഭവത്തിലാണ് ആരോഗ്യ മന്ത്രിയുടെ പരാമർശം.