പാലക്കാട്:
വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ നിർബന്ധിച്ചെന്ന് കുട്ടികളുടെ രണ്ടാനച്ഛൻ വെളിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥനായ സോജൻ പോലീസ് സ്റ്റേഷനിലേക്ക് ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് കുറ്റം ഏറ്റെടുക്കാൻ നിർബന്ധിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
കേരളത്തിൽ പല അച്ഛൻമാരും ഇങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥൻ പറഞ്ഞത്. കുറ്റം ഏറ്റെടുത്താൽ പിന്നീട് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തെന്നും കുട്ടികളുടെ രണ്ടാനച്ഛൻ അറിയിച്ചു.
നീതി തേടി മുഖ്യമന്ത്രിയുടെ കാലിൽ വീണിട്ടും ഫലമുണ്ടായില്ലല്ലോ, ഇനി ആരെ വിശ്വസിക്കണമെന്നാണ് പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നത്. നീതി തേടി കുട്ടികളുടെ അമ്മ ഇന്നലെ മുതല്‍ സമരം ചെയ്യുകയാണ്. മരിച്ച കുട്ടികൾ കളിച്ചുവളർന്ന അതേ വീട്ടുമുറ്റത്താണ് അമ്മ സമരം നടത്തുന്നത്. കേസിലെ പ്രതികളെ ഒരു തെളിവുമില്ലാതെ വെറുതെ വിട്ടിട്ട് ഒരു വർഷം തികയുമ്പോഴാണ് നീതിക്കായ് ഈ അമ്മയുടെ പോരാട്ടം. ‘വിധിദിനം മുതൽ ചതിദിനം വരെ’ എന്ന പേരിലുള്ള സമരത്തിന് കൂടുതല്‍ പേര്‍ ഐകൃദാര്‍ഢ്യവുമായി രംഗത്തെത്തി.