Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് സി ബി ഐ അന്വേഷണം വിലക്കാനുള്ള സർക്കാർ തീരുമാനം അധാർമികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലൈഫ് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ആരോപിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസുകളിലാണ് മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയെ വിലക്കുന്നത്. എന്നാൽ ലൈഫ് അഴിമതിക്കേസാണെന്ന് ചെന്നിത്തല പറഞ്ഞു.

“മുഖ്യമന്ത്രി തന്നെയാണ് സ്വർണ്ണക്കള്ളക്കടത്ത് അടക്കമുള്ള കേസുകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചത്. എന്നിട്ട്, അന്വേഷണം സ്വന്തം നേർക്ക് വരുമെന്ന് കണ്ടപ്പോഴാണ് സിപിഎമ്മിന് ഹാലിളകിയത്,” ചെന്നിത്തല പറഞ്ഞു.

സിപിഎമ്മിന്റെ ആജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന സിപിഐയും ഇതിനെ പിന്താങ്ങുന്നു. ഇത് ജനത്തോടുള്ള വെല്ലുവിളിയാണെന്നും അഴിമതിക്കേസ് അന്വേഷിക്കേണ്ടെന്ന തീരുമാനം ആത്മഹത്യാപരമാണ്. അഴിമതി മൂടിവയ്ക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം”, ചെന്നിത്തല കൂട്ടിച്ചേർത്തു. അതിനാണ് മുഖ്യമന്ത്രിയും ഇടത് മുന്നണിയും ശ്രമിക്കുന്നത്. തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

By Arya MR