Mon. Dec 23rd, 2024

കൊച്ചി:

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിനുള്ള സ്റ്റേ ബുധനാഴ്‌ച വരെ തുടരുമെന്ന്‌ ഹൈക്കോടതി. സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്‌റ്റ്‌ ചെയ്യുന്നതിനെതിരേ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത്‌ കസ്റ്റംസ്‌, എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌റ്ററേറ്റ്‌ വകുപ്പുകളുടെ വാദം കേട്ട ശേഷമാണ്‌ ഉത്തരവ്‌.

കേസ്‌ വിധി പറയുന്നതിനായി ബുധനാഴ്‌ചത്തേക്കു മാറ്റിവെച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നു വാദിച്ച്‌ കസ്റ്റംസ്‌ ഹര്‍ജി തള്ളണമെന്ന്‌ ആവശ്യപ്പെട്ടു. ശിവശങ്കറിനെതിരേയുള്ള തെളിവുകള്‍ ഇഡി മുദ്രവെച്ച കവറില്‍ കോടതിക്കു കൈമാറി.

പ്രതിപ്പട്ടികയില്‍ ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്‌ കഴിഞ്ഞ ദിവസം കോടതിയില്‍ എന്‍ഐഎ വ്യക്തമാക്കിയിരുന്നു. തന്നെ എങ്ങനെയും അറസ്‌റ്റ്‌ ചെയ്യണമെന്നാണ്‌ അന്വേഷണ ഏജന്‍സികളുടെ ആവശ്യമെന്ന്‌ ശിവശങ്കര്‍ കോടതിയെ അറിയിച്ചു.

അറിഞ്ഞു കൊണ്ട്‌ സ്വര്‍ണ്ണക്കടത്തിനോ മറ്റു കുറ്റകൃത്യങ്ങള്‍ക്കോ കൂട്ടു നിന്നിട്ടില്ല. അന്വേഷണവുമായി എല്ലാത്തരത്തിലും സഹകരിക്കുന്നുണ്ട്‌. ചോദ്യംചെയ്യലിനായി മണിക്കൂറുകളോളം യാത്ര ചെയ്‌തതിന്റെ ഫലമായി ആരോഗ്യ സ്ഥിതി വഷളായെന്നും ശിവശങ്കര്‍ വിശദീകരിച്ചു.