സാവോ പോളോ:
ഫുട്ബോള്‍ പ്രേമികളെ എന്നും തന്‍റെ മാന്ത്രിക വിരലിലൂടെ ത്രസിപ്പിക്കുന്ന താരമാണ് പെലെ. ലോകത്തിന്‍റെ ഏത് കോണിലും ആരാധകരുള്ള ബ്രസീലിന്‍റെ ഇതിഹാസത്തിന് ഇന്ന് 80 വയസ്സ് തികയുകയാണ്. എഡ്സണ്‍ അരാന്‍റസ് ഡൊ നാസിമെന്‍റ് എന്ന പെലെയെ കടത്തിവെട്ടാന്‍ മറ്റൊരു കാല്‍പ്പന്തുകളിക്കാരനും ഫുട്ബോള്‍ ചരിത്രത്തില്‍ കഴിഞ്ഞിട്ടില്ല. അത് തന്നെയാണ് പെലെ എന്ന രണ്ടക്ഷരം ഏത് തലമുറയെയും ത്രസിപ്പിക്കുന്നത്. ബ്രസീലിലെ വീട്ടിലാണ് അദ്ദേഹം തന്‍റെ 80-ാം ജന്മദിനം ആഘോഷിക്കുക.
ബ്രസീലിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ പെലെയാണ് മൂന്ന് ലോകകപ്പുകള്‍ നേടിയ ഏക താരം. ബ്രസീലിനായി 1958, 1962, 1970 ലോകകപ്പുകള്‍ നേടിക്കൊടുത്തത് പെലെയാണ്. തുടക്കം സാവോ പോളോയിലെ ബൗറൂ ക്ലബ്ബിനായിട്ടായിരുന്നു. പിന്നീട് സാവോ പോളോയ്ക്കായി 1956ല്‍ കളിയാരംഭിച്ചു. 1957 16-ാം ബ്രസീലിന് വേണ്ടി ആദ്യമത്സരം കളിച്ചു. . 1977ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് കോസ്‌മോസിനായി കളിച്ചുകൊണ്ടിരിക്കേ കളിക്കളത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ബൂട്ടഴിച്ച ശേഷവും പൊതുരംഗങ്ങളില്‍ സജീവമായിരുന്നു പെലെ.
ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരത്തിനുള്ള ഗിന്നസ് റെക്കോഡിന് ഉടമയും ഈ ഇതിഹാസമാണ്. ദരിദ്രനായി ജനിച്ച് പെലെ തന്‍റെ നിശ്ചയദാര്‍ഢ്യം കൊണ്ടും മനക്കരുത്തും കൊണ്ടാണ് ലോകത്തിന്‍റെ മന്ത്രമായി മാറിയത്. വര്‍ണ വിവേചനത്തിന്‍റെ പേരില്‍ ഒരുപാട് പരിഹാസങ്ങളും പെലെ നേരിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ തന്‍റെ കാല്‍പ്പന്തിന്‍റെ താളത്തിനൊപ്പം കൊണ്ടുപോയ പെലെയ്ക്ക് ലോകമെമ്പാടുമുള്ള ആരാധകര്‍ പിറന്നാളാശംസകള്‍ നേരുകയാണ്.