ഡൽഹി:
തനിഷ്‌ക് ജ്വല്ലറിയുടെ പരസ്യത്തെ തുടർന്നുണ്ടായ വിവാദം കൂടുതൽ ആളുകളെ തനിഷ്‌ക് ഉൽപന്നങ്ങളിലേക്ക് ആകർഷിക്കുകയാണ് ചെയ്തതെന്ന് പരസ്യത്തിന്റെ നിർമാതാക്കൾ പറയുന്നു. വിവാദത്തിൽ തനിഷ്കിനൊപ്പം മനസ്സുറപ്പിച്ചവരാണ് കൂടുതൽ പേരെന്നും ‘വാട്സ് യുവർ പ്രോബ്ലം’ എന്ന പേരുള്ള ഏജൻസിയുടെ മാനേജിങ് പാർട്ണറും ക്രിയേറ്റിവ് ഹെഡുമായ അമിത് അകാലി പറഞ്ഞു. പരസ്യത്തിന്റെ മർമം സാമുദായിക സൗഹാർദമായതിനാൽ ഇങ്ങനെയൊരു വിവാദം തങ്ങളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്കാരിക യാഥാർഥ്യങ്ങൾ ദൃശ്യവത്കരിക്കുക മാത്രമായിരുന്നു ആ പരസ്യം കൊണ്ട് ഉന്നമിട്ടിരുന്നത്. ഒട്ടും രാഷ്ട്രീയം അതിനുണ്ടായിരുന്നില്ല. ‘ഏകത്വയും ഐക്യവും’ മുൻനിർത്തിയുള്ള കാമ്പയിൻ തനിഷ്‌ക് തുടരുമെന്നും നിർമാതാക്കൾ അറിയിച്ചു. തനിഷ്‌ക് ധൈര്യമുള്ള കമ്പനിയാണെന്നും ഒടുവിൽ പരസ്യം പിൻവലിക്കേണ്ടിവന്നത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ പരിഗണിച്ചാണെന്നും അമിത് അകാലി വ്യക്തമാക്കി.
ഹിന്ദുവായ മരുമകളുടെ മതാചാരങ്ങൾക്ക് പരിഗണന നൽകുന്ന മുസ്ലിമായ വീട്ടമ്മയുടെ പരസ്യമാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തനിഷ്‌ക് ജ്വല്ലറി ഇറക്കിയത്. തുടർന്ന് പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുകയായിരുന്നു. വിവാദങ്ങൾ ശക്തമായതോടെയാണ് തനിഷ്കിന് പരസ്യം പിൻവലിക്കേണ്ടി വന്നത്.