Fri. Apr 26th, 2024

സിയാറ്റില്‍:

ആഗോള ഓണ്‍ലൈന്‍ റീറ്റെയ്‌ലര്‍ ഭീമനായ ആമസോണ്‍ കൊവിഡ്‌-19 ഭീഷണിയെത്തുടര്‍ന്ന്‌ ജീവനക്കാര്‍ക്ക്‌ അനുവദിച്ച വര്‍ക്ക്‌ ഫ്രം ഹോം സമ്പ്രദായത്തിന്റെ കാലാവധി നീട്ടി നല്‍കി. ഈ സമ്പ്രദായം നിര്‍ദ്ദേശിക്കപ്പെട്ട മേഖലകളിലെ ജീവനക്കാര്‍ക്ക്‌ 2021 ജൂണ്‍ 30 വരെ വീട്ടിലിരുന്ന്‌ ജോലി ചെയ്യാം. ആഗോളതലത്തില്‍ നിര്‍ദ്ദേശം ബാധകമാണെന്നും കമ്പനി അറിയിച്ചു.

അടുത്ത വര്‍ഷം ജനുവരി വരെയാണ്‌ നേരത്തേ കാലാവധി അനുവദിക്കപ്പെട്ടിരുന്നത്‌. കൊവിഡ്‌ ഭീഷണി ഒഴിയാത്ത പശ്ചാത്തലത്തിലാണ്‌ കാലാവധി നീട്ടിയിരിക്കുന്നത്‌. ഡോര്‍ഡെലിവറി വിതരണക്കാര്‍ അടക്കം 19,000 മുന്‍ നിരജീവനക്കാര്‍ ഇതിനകം രോഗബാധിതരായിട്ടുണ്ട്‌.

സംഭരണകേന്ദ്രങ്ങളും ഓഫിസും നിയന്ത്രണമില്ലാതെ തുറന്നിടുന്നത്‌ ജീവനക്കാരെ രോഗബാധിതരാക്കുന്നതായി ജീവനക്കാരുടെ സംഘടനകളും ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ശുചിത്വം, ശരീരിക അകലം, മുഖാവരണം ധരിക്കല്‍, കൈകഴുകല്‍, സാനിറ്റൈസര്‍ ഉപയോഗം തുടങ്ങിയ ബ്രേക്ക്‌ ദ്‌ ചെയിന്‍ നടപടികള്‍ക്കും ശരീര താപനില പരിശോധിക്കലിനുമായി പ്രത്യേകം ഫണ്ട്‌ അനുവദിച്ചിട്ടുണ്ടെന്ന്‌ കമ്പനി അവകാശപ്പെട്ടു.

കൊവിഡ്‌ വ്യാപന പശ്ചാത്തലത്തില്‍ ടെക്‌ കമ്പനിയായ ട്വിറ്റര്‍ ആണ്‌ മേയ്‌ മാസത്തില്‍ വര്‍ക്ക്‌ ഫ്രം ഹോം പദ്ധതി ആദ്യം പ്രഖ്യാപിച്ചത്‌. തുടര്‍ന്ന്‌ മൈക്രോസോഫ്‌റ്റ്‌ ഉള്‍പ്പെടെയുള്ളവര്‍ അവശ്യ ജീവനക്കാര്‍ മാത്രം ഓഫിസിലെത്തിയാല്‍ മതിയെന്നു നിര്‍ദേശിച്ചു. ഗൂഗിള്‍ വര്‍ക്ക്‌ ഫ്രം ഹോം കാലാവധി 2021 ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചപ്പോള്‍ ഫേസ്‌ ബുക്ക്‌ ജൂലൈ വരെയാണ്‌ നീട്ടിക്കൊടുത്തിരിക്കുന്നത്‌.