Wed. Jan 22nd, 2025

 

ഛണ്ഡിഗഡ്:

കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ്. കേന്ദ്ര നിയമത്തെ എതിർക്കാൻ സംസ്ഥാന നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. രാജിവെക്കാന്‍ ഭയമില്ലെന്നും തന്റെ സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പ്രമേയം അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി. കർഷകരെ സംരക്ഷിക്കാൻ താൻ ഏതറ്റംവരെ പോകുമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക നിയമം കേന്ദ്രം പാസാക്കിയ സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് കേന്ദ്രനിയമത്തെ തള്ളിക്കൊണ്ടുള്ള പ്രമേയം പഞ്ചാബ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. കാര്‍ഷിക നിയമത്തെ മറികടക്കാന്‍ മൂന്ന് പുതിയ ബില്ലുകളാണ് പഞ്ചാബ് അവതരിപ്പിച്ചത്.

കാര്‍ഷിക നിയമത്തെ മറികടക്കാന്‍ സംസ്ഥാന തലത്തില്‍ നിയമനിര്‍മാണത്തിലേക്ക് കടക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. അതേസമയം കാര്‍ഷിക ബില്ലിന്റെ കരട് രൂപം സഭ ചേരുന്നതിന് മുമ്പ് നല്‍കാത്തതില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ നിയമസഭയില്‍ പ്രതിഷേധം നടത്തി.

 

By Athira Sreekumar

Digital Journalist at Woke Malayalam