ലഖ്‌നൗ:
ഉത്തർപ്രദേശിലെ ഹാഥ്റസിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ നാലു പേരില്‍ ഒരാള്‍ക്ക് സ്‌കൂള്‍ റെക്കോഡുകള്‍ പ്രകാരം പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ. അന്വേഷണ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പ്രതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ പ്രതിയുടെ സ്‌കൂള്‍ റെക്കോഡുകള്‍ പരിശോധിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മകന് പതിനെട്ട് തികയുന്നതേയുളളൂവെന്ന് പ്രതിയുടെ അമ്മയും സ്ഥിരീകരിച്ചിട്ടുള്ളതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഹാഥ്‌റസ് കേസിലെ നാലുപ്രതികളും നിലവില്‍ അലിഗഡ് ജയിലിലാണ്.
അതേസമയം കേസിൽ യുപി പോലീസ് സമർപ്പിച്ച റിപ്പോർട്ടിനെ പരസ്യമായി നിഷേധിച്ച ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അസീം മാലിക്കിനെ പുറത്താക്കി. അസീം മാലിക്കിന്റെ സേവനങ്ങൾ ഇനി ആശുപത്രിയിൽ ആവശ്യമില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഒക്ടോബർ 16 നാണ് ഇത് സംബന്ധിച്ച് ഡോക്ടർക്ക് കത്ത് ലഭിക്കുന്നത്.