Wed. Jan 22nd, 2025
ന്യൂഡൽഹി:

 
ജനാധിപത്യം ഏറ്റവും ദൈന്യമായ അവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന്, ഭാരതീയ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ളവരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ.

കോൺഗ്രസ്സിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ സന്ദേശത്തിൽ, രാജ്യത്തിനായി പോരാടുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്ന് സോണിയ പറഞ്ഞു.

“ആദ്യം തന്നെ എല്ലാവർക്കും നവരാത്രി ആശംസകൾ. രാജ്യത്തിനുവേണ്ടി നിരന്തരമായി പോരാടിക്കൊണ്ടിരിക്കുക എന്നതാണ് കോൺഗ്രസ് സംഘടനയുടെ ലക്ഷ്യം. ദേശത്തിനു വേണ്ടി സേവനം ചെയ്യുക എന്നതാണ് നമ്മുടെ സംഘടനയുടെ അടിസ്ഥാനതത്വം. നിങ്ങൾക്കോരോരുത്തർക്കും തന്നിരിക്കുന്ന ചുമതലയുടെ മഹത്വം അതുകൊണ്ടുതന്നെ വലുതാണ്. എന്തുകൊണ്ടെന്നാൽ ഇന്ന് രാജ്യത്തിന്റെ ജനാധിപത്യം തികച്ചും ദയനീയമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്ത് ദുർബലരായ ജനങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെടുകയാണ്. ഇതെന്തുതരം രാജ്യധർമ്മമാണ്? പക്ഷേ രാജ്യത്തുണ്ടാവുന്ന ഇത്തരം വെല്ലുവിളികളെ നേരിടുന്നവരാണ് കോൺഗ്രസ് സംഘടന.” സോണിയ പറഞ്ഞു

“രാജ്യത്ത് വന്നിരിക്കുന്ന ഈ കഷ്ടതകളെ കോൺഗ്രസ്സ് പ്രവർത്തകർ ഈ ദുരിതകാലത്ത് കഠിനാദ്ധ്വാനം ചെയ്ത് നേരിടുമെന്നും, മോദി ബിജെപി സർക്കാരിന്റെ ജനാധിപത്യവിരുദ്ധവും ദേശദ്രോഹപരവുമായ ഉദ്ദേശ്യങ്ങളെ പൂർത്തീകരിക്കാൻ അനുവദിക്കില്ലെന്നും എനിക്ക് തികഞ്ഞ വിശ്വാസമുണ്ട്,” സോണിയ കൂട്ടിച്ചേർത്തു.