Fri. Nov 22nd, 2024

 

‘ലൈറ്റ്‌സ് ഓഫ് പാഷൻ’ ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുന്നിൽ ഉയർത്തിയ ഈ ചിത്രത്തിന് ഐശ്വര്യ ശ്രീധർ നൽകിയ പേര് അങ്ങനെയാണ്. രാത്രിയിൽ മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ഒരു മരത്തിന്റെ അപൂർവ ചിത്രം ഒപ്പിയത്തിലൂടെ മുംബൈ മലയാളിയായ ഐശ്വര്യ ശ്രീധർ കയ്യെത്തിപ്പിടിച്ചത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ എന്ന മൂല്യമേറിയ ബഹുമതിയാണ്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരിക്ക് ഈ അവാർഡ് ലഭിക്കുന്നത്. കഴിഞ്ഞവർഷം മഹാരാഷ്ട്രയിലെ ഭന്ദർദാര ഗ്രാമത്തിൽ നിന്നാണ് ഈ അപൂർവ ചിത്രം പകർത്തിയത്.

എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ള അൻപതിനായിരത്തിലധികം വരുന്ന എൻട്രികളെ പിന്തള്ളിക്കൊണ്ടാണ് 23 കാരിയായ ഐശ്വര്യ ഈ നേട്ടം കൈവരിച്ചത്.

‘രണ്ട് മണിക്കൂർ നീണ്ട ഹൈക്കിങ്ങിനിടയിലാണ് ആയിരക്കണക്കിന് മിന്നാമിനുങ്ങുകൾ പറ്റിപ്പിടിച്ച സ്വർണപ്പൊടി തൂവിയതുപോലുള്ള മരം അവൾ കണ്ടെത്തിയത്. 27 ചിത്രങ്ങൾ  24 സെക്കൻഡ് എക്സ്പോഷറിൽ അവൾ പകർത്തി, അവ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒരുമിച്ചു ചേർത്തു, ആ കാഴ്ചയുടെ മനോഹാരിത എടുത്തുകാണിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ  ചെയ്തത്.’ മത്സരം നടത്തിയ ലണ്ടനിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വെബ്സൈറ്റിൽ ഐശ്വര്യയുടെ ചിത്രത്തെ പറ്റി കുറിച്ചത് ഇങ്ങനെയാണ്.

കുരങ്ങും കടുവയും കാടും, മലയുമൊന്നും വിട്ടൊരു ജീവിതം ചിന്തിക്കാൻ കൂടി പറ്റില്ല നേച്വർ കൺസേർവേഷനിസ്റ്റ് കൂടിയായ ഐശ്വര്യയ്ക്ക്. കുട്ടിക്കാലം മുതൽ കാടും കാട്ടിലെ ജീവികളുടെ ജീവതവും അറിയാൻ വല്ലാത്തൊരു ജിജ്ഞാസ തനിക്കുള്ളതായി ഐശ്വര്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ അംഗമായ അച്ഛൻ ശ്രീധര്‍ രങ്കനാഥിനൊപ്പമുള്ള കാടുകളിലേക്കുള്ള  യാത്രകളാണ് ഐശ്വര്യയ്ക്ക് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാകാനുള്ള പ്രചോദനമായത്. ചെറിയ പ്രായത്തിൽ തന്നെ മഹാരാഷ്ട്രയിലെ രത്‌നഗിരി പോലെയുള്ള കാടുകളിലും, പെരിയാര്‍, സൈലന്റ് വാലി എന്നിവിടങ്ങളിലും ഐശ്വര്യ ട്രാക്കിങ് നടത്തിയിരുന്നു. അന്നേ തന്റെ കുഞ്ഞന്‍ ക്യാമറയില്‍ ഐശ്വര്യ ചിത്രങ്ങളെടുത്തു. 

മുതിര്‍ന്നപ്പോള്‍ ക്യാമറയിലെടുക്കുന്ന ചിത്രങ്ങള്‍ക്ക് പുറമേ ഹ്രസ്വ ഡോക്യുമെന്ററികളും തയ്യാറാക്കി. മുംബൈയിലെ ഉറാന്‍ എന്ന സ്ഥലത്തെ നഷ്ടമാകുന്ന ചതുപ്പ് നിലങ്ങളെക്കുറിച്ച് ഐശ്വര്യ ചെയ്ത ഡോക്യുമെന്ററി ശ്രദ്ധയിൽപ്പെട്ട ബോംബെ ഹൈക്കോടതി ഐശ്വര്യയെ പ്രശംസിക്കുക മാത്രമല്ല പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള അവിടെ നടക്കുന്ന നവീകരണങ്ങൾ നിർത്തലാക്കാൻ ഉത്തരവിടുകയും ചെയ്തു. കൂടാതെ ഇതേ ഡോക്യൂമെന്ററിക് ഏറ്റവും മികച്ച യുവാക്കളുടെ പ്രവര്‍ത്തനമികവിനുള്ള ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഡയാന ഫൗണ്ടേഷൻ അവാർഡും നേടി. പതിനാലാം വയസിൽ സാംഗ്ച്യുറി ഏഷ്യ യങ് നാച്യുറലിസ്റ്റ് അവാർഡും ഐശ്വര്യ നേടിയിട്ടുണ്ട്.

പ്രകൃതിയുടെ നിറങ്ങൾ മനോഹരമായി ഒപ്പിയെടുക്കുന്നതാണ് തന്റെ ജോലിയെങ്കിലും അത്ര കളർഫുൾ അല്ലാത്ത ഈ  പ്രൊഫെഷൻ തിരഞ്ഞെടുത്തപ്പോൾ അതിന്റേതായ ബുദ്ധിമുട്ടുകൾ നേരിട്ടതിനെ കുറിച്ചും ഐശ്വര്യ പറഞ്ഞിട്ടുണ്ട്. ഈ ജോലി കഠിനമായ ഒന്നാണെന്നതില്‍ സംശയമില്ല. കാട്ടില്‍ ദിവസങ്ങള്‍ ചെലവഴിക്കുമ്പോള്‍ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. സ്ത്രീകളുടെ സുരക്ഷ പ്രധാനം. രണ്ടാമത് വീട്ടുകാരെ ഇക്കാര്യം ബോധ്യപ്പെടുത്തുകയും വേണം. എന്നാല്‍ ഉറച്ച മനസ്സുണ്ടെങ്കില്‍ അതൊക്കെ മറികടക്കാവുന്നതേയുള്ളൂ എന്നാണ് ഐശ്വര്യ പറയുന്നത്. ജോലിയെന്നാൽ ഐശ്വര്യയ്ക്ക് വരുമാനം കൊണ്ടുതരുന്ന ഒന്ന് മാത്രമാകരുത് സന്തോഷം കൂടി തരുന്നതാകണം . അങ്ങനെ വരുമ്പോള്‍ ഇത് രണ്ടും ക്യാമറ തനിക്ക് തരുന്നുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്. അതുകൊണ്ട് തന്നെയാകാം ന്യൂ മുംബൈ ഡോ.പിളള ഗ്ലോബല്‍ അക്കാദമിയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും ഐശ്വര്യ കാടിന്റെയും ക്യാമറയുടെയും വഴി തിരഞ്ഞെടുത്തത്. 

അന്താരാഷ്ട്ര ബഹുമതി സ്വന്തമാക്കിയ ശേഷം ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞത് തന്റെ ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞുവെന്നാണ്. ഇത് ഇന്ത്യയ്ക്കും ഒരു യുവ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്ന നിലയ്ക്ക് തനിക്കും അനശ്വര നിമിഷമാണെന്ന് ഐശ്വര്യ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു വനിത അതും ഏറ്റവും പ്രായം കുറഞ്ഞത്, അഡൽറ്റ് കാറ്റഗറിയിൽ ഈ അവാർഡ് നേടുകയെന്നത് ഐശ്വര്യ ട്വിറ്ററിൽ കുറിച്ചതുപോലെ തന്നെ അത്ര ചെറിയ കാര്യമല്ല.

By Athira Sreekumar

Digital Journalist at Woke Malayalam