തിരുവനന്തപുരം:
ബിനീഷ് കോടിയേരിയുടെ പേരിൽ സംസ്ഥാനത്തു റജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിവരം തേടി റജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കി. 4 ജില്ലകളിൽ ബിനീഷിനു വെളിപ്പെടുത്താത്ത സ്വത്തുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കം.
ഇഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ 315 റജിസ്ട്രേഷൻ ഓഫിസുകളിൽ നിന്നും റജിസ്ട്രേഷൻ ഐജി വിവരം തേടി. പരിശോധനയ്ക്കു ശേഷം ജില്ലാ ഓഫിസുകളിൽ നിന്നു നേരിട്ട് റിപ്പോര്‍ട്ട് ഇഡിക്ക് അടുത്തയാഴ്ച കെെമാറും. ഇതിനിടെ സ്വത്ത് വിവിരങ്ങള്‍ വെളിപ്പെടുത്താനുള്ള ഒരു അവസരം കൂടി ഇഡി ബിനീഷിന് നല്‍കും.
അതേസമയം, ബിനീഷ് കോടിയേരിക്കെതിരായ കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിലും താനോ പാര്‍ട്ടിയോ ഇടപെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഇക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണെന്നും കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കട്ടെയെന്നും കോടിയേരി വ്യക്തമാക്കി.