കൊല്‍ക്കത്ത:
ഐഎസ്എല്ലിന്റെ പുതിയ സീസണിന്റെ ആവേശം ഇരട്ടിയാക്കിക്കൊണ്ട് മോഹൻ ബഗാന് പിന്നാലെ കൊൽക്കത്ത ക്ലബ്ബ് ഈസ്റ്റ് ബംഗാളും ഇത്തവണയെത്തുന്നു. ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) ഇക്കാര്യമറിയിച്ചിരിക്കുന്നത്.
ഐഎസ്എല്ലിന്റെ ഭാഗമാകുന്ന 11-ാമത്തെ ക്ലബ്ബാണ് ഈസ്റ്റ് ബംഗാൾ. ഈ വർഷം നവംബറിൽ ആരംഭിക്കുന്ന ഐഎസ്എല്ലിന്റെ ഏഴാം സീസണിൽ ഈസ്റ്റ് ബംഗാൾ കളിക്കും. ക്ലബ്ബിനെ ഈ വർഷമാദ്യം ശ്രീ സിമന്റ്സ് ഏറ്റെടുത്തിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗോവയിലെ മൂന്നു സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. മറ്റൊരു കൊല്‍ക്കത്തന്‍ വമ്പന്‍മാരായ മോഹന്‍ ബഗാനും എടിക്കെയുമായി ഒന്നിച്ച ശേഷം ഇത്തവണത്തെ ഐഎസ്എല്ലില്‍ അരങ്ങേറുന്നുണ്ട്. മുംബൈ സിറ്റി എഫ്‍സി, ഒഡീഷ എഫ്‍സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്‍സി, ബെംഗളൂരു എഫ്‍സി, ചെന്നൈയിൻ എഫ്‍സി, എഫ്‍സി ഗോവ, കേരളാ ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്‍സി എന്നിവയാണ് ഐഎസ്എലിലെ മറ്റു ക്ലബ്ബുകൾ.