Mon. Dec 23rd, 2024
ഡൽഹി:

മാതാപിതാക്കൾ ‘വ്യാജ മതേതരത്വം’ പിന്തുടരുന്നതുകൊണ്ടാണ് ചെറുപ്പക്കാരായ ഹിന്ദു പെൺകുട്ടികൾ മുസ്ലിം യുവാക്കളിലേക്ക് ആകൃഷ്ടരാവുകയും ലവ്  ജിഹാദുകൾ സംഭവിക്കുകയും ചെയ്യുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത്. പാശ്ചാത്യ സംസ്കാരത്തോടുള്ള അഭിനിവേശവും, ബോളിവുഡ് താരങ്ങളുടെ മതം നോക്കാതെയുള്ള വിവാഹങ്ങളും ഇത്തരത്തിൽ പെൺകുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) മുഖപത്രികയായ ഹിന്ദു വിശ്വ ലേഖനങ്ങളിൽ പറയുന്നു. വെള്ളിയാഴ്ച്ച ഇറങ്ങിയ പതിപ്പിലാണ് വർഗീയപരമായ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 11 ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

‘ലവ് ജിഹാദ് സെ ദേശ് ബാച്ചയെ’ (ലവ് ജിഹാദിൽ നിന്ന് ഇന്ത്യയെ രക്ഷിക്കൂ) എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന കവർ സ്റ്റോറിയിലാണ് വിദ്വേഷപരമായ പരാമർശങ്ങലുള്ളത്. ലവ് ജിഹാദായി ആരോപണം വിധേയമായിട്ടുള്ള 147 കേസുകളും പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വലതുപക്ഷ എഴുത്തുകാർ എഴുതിയ 11 ലേഖനങ്ങളും ഈ കവർ സ്റ്റോറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഹിന്ദു ജനജാഗൃതി സമിതിയുടെ വക്താവായ രമേശ് ഷിൻഡെ എഴുതിയ ലേഖനത്തിൽ, ഒരു സംഘടന തന്നെ ഇത്തരത്തിൽ മതം മാറ്റത്തിനായി പ്രവർത്തിക്കുന്നുവെന്ന് പറയുന്നു. മാതാപിതാക്കൾ കുട്ടികളെ പാശ്ചാത്യ സംസ്കാരത്തിൽ വളർത്തുന്നതുകൊണ്ടുമാണ് ലവ് ജിഹാദ് കൂടുതലായി സംഭവിക്കുന്നതെന്ന് രമേശ് ഷിൻഡെ പറയുന്നു.

“മാതാപിതാക്കൾ മതേതര വാദികളാണെങ്കിൽ ഹിന്ദു പെൺകുട്ടികളെ മുസ്ലിം യുവാക്കൾക്ക് വലയിൽ കുടുക്കാൻ ഒരു പ്രയാസവുമുണ്ടാകില്ല. ഇത്തരത്തിലുള്ള മാതാപിതാക്കൾ എപ്പോഴും ‘ഗംഗ-ജമുനി തഹസിയ്ബ്’നെ കുറിച്ച് പ്രകീർത്തിച്ചുകൊണ്ടിരിക്കുകയും എല്ലാ മതങ്ങളും തുല്യമാണെന്ന് പറഞ്ഞുകൊണ്ടും ഇരിക്കും,” ഷിൻഡെ തന്റെ ലവ് ജിഹാദ്- വിശ്വ ഭർ മേം ഭയങ്കർ ശര്യാന്ദ്ര ( ലവ് ജിഹാദ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗൂഢാലോചന) എന്ന ലേഖനത്തിൽ പറയുന്നു.

ജന്മദിനത്തിൽ കേക്ക് മുറിക്കുന്നതും, ഡിസംബർ 31ന് രാത്രി ന്യൂ ഇയർ ആഘോഷിക്കുന്നതും പാശ്ചാത്യ സംസ്കാരവും ക്രിസ്തീയ ആചാരങ്ങളും പിന്തുടരുന്നതുകൊണ്ടാണെന്നും ഷിൻഡെ കുറിക്കുന്നു.

ലവ് ജിഹാദിൽ ബോളിവുഡിന് വളരെ നിർണ്ണായകമായ പങ്കുണ്ടെന്നും ഷിൻഡെ ലേഖനത്തിൽ പറയുന്നു. ബോളിവുഡിലെ ഖാൻമാരുടെ ഭാര്യമാരെല്ലാം ഹിന്ദുക്കളാണെന്നും ഇത് മറ്റ് സാധാരണക്കാരായ ഹിന്ദു പെൺകുട്ടികളെ അന്യമതത്തിൽ നിന്ന് വിവാഹം ചെയ്യാം പ്രേരിപ്പിക്കുമെന്നും ഷിൻഡെ എഴുതുന്നു.

മാസികയുടെ എഡിറ്ററായ വിജയ് ശങ്കർ തിവാരിയും ഇന്ത്യയിലെ വർധിച്ചുവരുന്ന ലവ് ജിഹാദുകളെ കുറിച്ച് ലേഖനം എഴുതിയിട്ടുണ്ട്. ലവ് ജിഹാദ് പടർത്തുന്ന അതെ ഗ്രൂപ്പുകൾ തന്നെയാണ് ഭീകരവാദവും പടർത്തുന്നതെന്നും ആയതിനാൽ ഇവരെ നിയന്ത്രണവിധേയമാക്കണമെന്നും തിവാരി കുറിക്കുന്നു.

ഇത്തരത്തിൽ വർഗീയത പരത്തുന്ന 11 ലേഖനങ്ങളാണ് മാസികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

By Arya MR