പത്തനംതിട്ട:
പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായവർക്ക് അനുകൂല നീക്കവുമായി സർക്കാർ. പ്രതികളുടെ ആസ്തി വിവരങ്ങൾ കണ്ടെത്താനും സ്വത്തുകൾ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നൽകാനും സർക്കാർ നീക്കമാരംഭിച്ചു. സാമ്പത്തിക തട്ടിപ്പുകൾ തടയാനായി കൊണ്ടു വന്ന കേന്ദ്രനിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ഇതുമായി ബന്ധപ്പെട്ട് അഭ്യന്തര അഡീണൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.
കേന്ദ്രനിയമത്തിൻ്റെ അടിസ്ഥാനത്തിൽ ഇതാദ്യമായാണ് സംസ്ഥാനത്ത് ഇങ്ങനെയൊരു നടപടി. . അഭ്യന്തര സെക്രട്ടറിയായ സജ്ഞയ് എം കൗളിനെ ഇതിനുള്ള അതോറിറ്റിയായി സർക്കാർ നിയമിച്ചിട്ടുണ്ട്. പ്രതികളുടേയും ഇവരുടെ ബിനാമികളുടേയും മുഴുവൻ ആസ്തികളും കണ്ടെത്തുക എന്നതാണ് അതോറിറ്റിയുടെ ആദ്യനടപടി. പിന്നീട് സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്തോ വിൽപന നടത്തിയോ പണം കണ്ടെത്തുകയും അതു നിക്ഷേപകർക്ക് നൽകുകയും ചെയ്യും. അഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിൻ്റെ റിപ്പോർട്ടിലാണ് ഈ സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതികൾ വിൽപ്പന നടത്തിയ സ്വത്തുകൾ കണ്ടുകെട്ടാനും വിൽക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാവും. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് പരിഗണിക്കാനായി പ്രത്യേക കോടതിയും ഇതോടെ രൂപീകരിക്കപ്പെടും.