Mon. Dec 23rd, 2024
ചെന്നൈ:

അന്തരിച്ച ഇതിഹാസ ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്‍റെ ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങ്. എസ്പിബിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ സിനിമ മേഖലയിൽ നിന്നും ആരാധകവൃന്ദത്തിൽ നിന്നുമുള്ള നൂറുകണക്കിന് ആളുകളാണ് എത്തിയിരിക്കുന്നത്.

ചലച്ചിത്ര താരങ്ങളായ വിജയ്, അര്‍ജുന്‍, റഹ്മാന്‍, സംവിധായകരായ ഭാരതിരാജ, അമീര്‍ തുടങ്ങിയവരൊക്കെ എത്തിയിരുന്നു. ഇന്നലെ കോടമ്പാക്കത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സമയത്തും ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. കൊവിഡ് സാഹചര്യമായതിനാൽ പോലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് എസ്‍പിബിയെ ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, കൊവിഡിനൊപ്പം ന്യുമോണിയ കൂടി ബാധിച്ചതും, പ്രമേഹം ഉണ്ടായിരുന്നതും അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളാക്കി. ഓഗസ്റ്റ് 14 മുതൽ അദ്ദേഹം വെന്റിലേറ്ററിൽ തന്നെയായിരുന്നു. പിന്നീട്, കൊവിഡ് മുക്തനായെങ്കിലും ആരോഗ്യനില വീണ്ടെടുക്കാൻ കഴിയാതെ വരികയായിരുന്നു.

By Arya MR