തിരുവനന്തപുരം:
കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് വ്യാജപേരും മേല്‍വിലാസവും നല്‍കി കൊവിഡ് ടെസ്റ്റ് നടത്തിയെന്ന് പരാതി. രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും പരിശോധന നടത്താതിരുന്നത് രോഗം പടര്‍ത്താനുള്ള ശ്രമമായിരുന്നോയെന്ന് പരിശോധിക്കണമെന്നും പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റ് വേണുഗോപാല്‍ പറഞ്ഞു. കെഎം അബിയെന്ന പേരിലാണ് പരിശോധന നടത്തിയതെന്നും മറ്റൊരു കെഎസ്‍യു നേതാവിന്റെ വീട്ടുവിലാസത്തിലായിരുന്നു ഇതെന്നും ചൂണ്ടികാട്ടി അദ്ദേഹം പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. അതേസമയം, ആരോപണങ്ങള്‍ അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കെഎം അഭിജിത് പ്രതികരിച്ചു. അഭിജിത് എന്ന് തന്നെയാണ് പേര് നല്‍കിയത്. കെഎം അബിയെന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വന്നൊരു പിഴവായിരിക്കാമെന്നും അഭിജിത് ഫെയ്സ്ബുക്കില്‍ കുറിച്ചു. കൊവിഡ് പോസിറ്റീവായതിനാല്‍ ഇദ്ദേഹം ആറ് ദിവസമായി സെല്‍ഫ് ക്വാറന്റീനില്‍ കഴിയുകയാണ്.
”സത്യത്തില്‍ ഞാനും സഹഭാരവാഹിയായ ബാഹുലും ഒരുമിച്ചാണ് ടെസ്റ്റിന് പോയത്. സ്വദേശം ആയതുകൊണ്ട് ബാഹുല്‍ ആണ് എല്ലാം ചെയ്തത്. സെന്‍സേഷന്‍ ആവണ്ടാ എന്ന് കരുതിയാവും കെ.എം അഭി എന്ന് നല്‍കിയത് എന്ന് ഞാന്‍ ചാനലില്‍ സംശയം പ്രകടിപ്പിച്ചു. ചാനലിന്റെ കോള്‍ കഴിഞ്ഞ ഉടനെ ഞാന്‍ ബാഹുലിനെ വിളിച്ചു. നീ പേര് തെറ്റിച്ചാണോ നല്‍കിയത് എന്ന് ചോദിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നല്‍കേണ്ട കാര്യം എന്താണ്? അങ്ങനെ എങ്കില്‍ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകള്‍ നല്‍കിയാല്‍ മതിയായിരുന്നില്ലേ? അതും പോരാഞ്ഞിട്ട് അവിടെ വെച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലര്‍ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നല്‍കുന്നത്? അത് അവരുടെ ഭാഗത്ത് വന്ന ക്ലറിക്കല്‍ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുല്‍ പറഞ്ഞത്”.- ഫെയിസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/KMAbhijithINC/posts/2785035935155720