Mon. Dec 23rd, 2024

തിരുവനന്തപുരം:

എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലാണ് സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ചത്. 53,236 പേരാണ് ഈ വർഷം റാങ്ക് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വിദ്യാർത്ഥികൾക്ക് ഫലം അറിയാം.

എന്‍ജിനിയറിങില്‍ വരുണ്‍ കെ.എസ് (കോട്ടയം) ഒന്നാം റാങ്കും ഗോകുല്‍ ഗോവിന്ദ് ടി.കെ (കണ്ണൂര്‍) രണ്ടാം റാങ്കും നിയാസ് മോന്‍.പി (മലപ്പുറം) മൂന്നാം റാങ്കും നേടി. എന്‍ജിനിയറിങ് ആദ്യത്തെ നൂറ് റാങ്കില്‍ ഇടം പിടിച്ചത് 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളുമാണ്.

അതേസമയം ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. രണ്ടാം റാങ്ക് ജോയല്‍ ജെയിംസ്(കാസര്‍ഗോഡ്), മൂന്നാം റാങ്ക് ആദിത്യ ബൈജു (കൊല്ലം) എന്നിവരും സ്വന്തമാക്കി.

ജൂലായ് 16നാണ് സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ നടത്തിയത്. തുടർന്ന് പ്രവേശന പരീക്ഷയുടെ സ്‌കോര്‍ സെപ്റ്റംബര്‍ 9-ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ അവരുടെ രണ്ടാം വര്‍ഷ പ്ലസ് ടു/തത്തുല്യ പരീക്ഷയിലെ നിശ്ചിത വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാനും നിർദ്ദേശിച്ചിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam