Wed. Jan 22nd, 2025
എറണാകുളം:

വൈപ്പിന്‍ കുഴപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡില്‍ യുവാവിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചെറായി സ്വദേശികളായ ശരത്, ജിബിന്‍, അമ്പാടി എന്നിവരാണ് പിടിയിലായത്. കേസിൽ ചെറായി സ്വദേശി രാംദേവ് കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ചെറായി പാഞ്ചാലത്തുരുത്ത് കല്ലുമാത്തില്‍ പ്രസാദിന്റെ മകന്‍ പ്രണവിനെ(23) നടുറോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്കും കൈകളിലും മാരകമായി പരിക്കേറ്റ് ചോരവാര്‍ന്നായിരുന്നു മരണം. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പോലീസിന്റെ പ്രാഥമിക അന്വേഷണം.

കേസിലെ പ്രധാന പ്രതിയായ ശരത്തും കൊല്ലപ്പെട്ട പ്രണവും തമ്മിൽ ശരത്തിന്റെ കാമുകിയെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. വാട്‌സാപ്പ് ചാറ്റിങ്ങിലൂടെ വിളിച്ചു വരുത്തിയശേഷം വൈപ്പിന്‍ പള്ളത്താംകുളങ്ങര ബീച്ചിന് സമീപത്തുവെച്ച് നാലംഗ സംഘം പ്രണവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

അറസ്റ്റിലായ പ്രതികളെ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. പ്രണവിന്റെ മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.

 

By Arya MR