Fri. Nov 22nd, 2024

ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന മൂന്ന് തൊഴിൽ ബില്ലുകൾ കൂടി രാജ്യസഭാ പാസാക്കിയിരിക്കുകയാണ്. തൊഴില്‍ സമരങ്ങള്‍ നിയന്ത്രിക്കുന്നതിനും, തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞും മൂന്ന് തൊഴിൽ കോഡുകൾ പുതുക്കിക്കൊണ്ടുള്ള ബില്ലുകളാണിത്. 300 പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലുടമയ്ക്ക് ഇഷ്ടാനുസരണം തന്നെ തൊഴിലാളികളെ പിരിച്ചുവിടാനും പുതിയ തൊഴിലാളിയെ നിയമിക്കാനും കൂടുതല്‍ സ്വാതന്ത്ര്യമാണ് ഈ ബിൽ നിയമമായാൽ ലഭിക്കുന്നത്. ഇത്തരത്തിൽ തൊഴിലാളികളെ ബാധിക്കുന്ന മൂന്ന് ബില്ലുകളാണ് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ്‌കുമാര്‍ ഗാംഗ്‌വര്‍ പ്രതിപക്ഷ ബഹിഷ്കരണം വകവെയ്ക്കാതെ, ശബ്ദവോട്ടെടുപ്പിലൂടെ രാജ്യസഭയിൽ പാസാക്കിയിരിക്കുന്നത്. കർഷക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എം പിമാരെ സഭയിൽ നിന്ന് പുറത്താക്കിയ നടപടിയ്‌ക്കെതിരെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരിക്കുന്നത്.

ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് ബില്ലാണ് ഒന്ന്. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ കോഡ്, തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യം എന്നിവ സംബന്ധിച്ച ബില്ലുകളാണ് മറ്റ് രണ്ടെണ്ണം. സ്റ്റാർട്ട് അപ്പുകൾ പോലെ ചെറിയ സ്ഥാപനങ്ങളിലുള്ള തൊഴിലാളികളുടെ ജോലിയ്ക്ക് അരക്ഷിതാവസ്ഥ സമ്മാനിച്ച് മുതലാളിമാർക്ക് അവരുടെ ഇഷ്ടാനുസരണം പ്രവർത്തിക്കാനുള്ള അനുമതിയാണ് ഈ ബില്ലിന്റെ ഒരു സംഭാവന. അതേസമയം,  300 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആളുകള്‍ ജോലിചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഇനിമുതൽ  60 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ തൊഴിലാളി സമരം നടത്താൻ അനുമതി ഉണ്ടാവില്ല എന്ന വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. തൊഴിലാളിസമരങ്ങളെ കൂട്ട കാഷ്വൽ അവധിയാക്കി മാറ്റുന്നതും കരാർ തൊഴിലുകൾ പ്രോത്സാഹിപ്പിക്കുന്നതുമായ വ്യവസ്ഥിതി കൂടിയാണിത്. കോർപ്പറേറ്റുകളെ തൃപ്തിപ്പെടുത്തികൊണ്ടുള്ള മറ്റൊരു ഇരട്ടത്താപ്പ്. സംഘടനാ പ്രവർത്തനങ്ങൾക്ക്  തൊഴിലാളിയുടെ അവകാശങ്ങൾക്ക് മേലുള്ള കനത്ത പ്രഹരം തന്നെയാണിത്. 

തൊഴില്‍ തര്‍ക്ക പരിഹാരത്തിനുള്ള ട്രിബ്യൂണലുകളിലൊ ദേശീയ വ്യവസായ ട്രിബ്യൂണലിലൊ ഉള്ള തര്‍ക്കങ്ങള്‍ തീര്‍പ്പാകാത്ത സമയത്തും,  നടപടികള്‍ അവസാനിച്ചതിന് ശേഷം 60 ദിവസത്തിന് ശേഷവും തര്‍ക്കത്തിന്റെ പേരില്‍ പണിമുടക്കിന് വിലക്കുണ്ടാകും. 

1926ലെ ട്രേഡ് യൂണിയൻ  നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിലൂടെ കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങളുടെ അണക്കെട്ടാണ്തു റന്നുവിട്ടിരിക്കുന്നത്. കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെ അംഗീകാരം സംബന്ധിച്ച നിർവചനം മാറ്റി അത് എക്സിക്യൂട്ടീവി​ന്റെ വിവേചനാധികാരത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ട്രേഡ്  യൂണിയനുകളുടെ ആഭ്യന്തര പ്രവർത്തനങ്ങളിൽ സർക്കാരിന് നേരിട്ട് കയറി ഇടപെടാൻ ഇത് വഴിവെക്കും. 

ഇവയിൽ വേതനവും സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ നേരത്തേ തന്നെ പാർലമെൻറിൽ പാസാക്കിയതാണ് .  തൊഴിലാളികളുടെ ഒരുദിവസത്തെ ജോലിസമയം എട്ട് മണിക്കൂറായി ലോകം മുഴുവൻ അംഗീകരിച്ചതാണെങ്കിലും ഇടവേളകൾ നൽകി ഇത് 12 മണിക്കൂർ വരെ നീട്ടാമെന്നാണ് മോദി സർക്കാർ അവതരിപ്പിച്ച ഈ ബില്ലിൽ പറയുന്നത്. തൊഴിലാളികൾക്ക് നിശ്ചിത തൊഴിൽ ദിനങ്ങൾ മാത്രം ശിപാർശ ചെയ്യുന്ന ഈ കോഡ് സ്ഥിരം തൊഴിൽ എന്ന വ്യവസ്ഥയെ കൂടി ഹനിക്കുന്നതാണ്. തൊഴിൽമന്ത്രി  സന്തോഷ് കുമാർ ഗംഗ്​വാർ നേരത്തെ അവതരിപ്പിച്ച  മൂന്നാമത്തെ വ്യവസായ ബന്ധ കോഡ് ബിൽ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയ്ക്ക് വിടണമെന്ന്  പ്രതിപക്ഷം ശക്തമായി തന്നെ ആവശ്യപ്പെട്ടിരുന്നു. 

 ബിൽ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ച് സി.പി.എം, സി.പി.ഐ പാർലമെന്റ്​ അംഗങ്ങൾ സഭയിൽ നിന്ന് അന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. പ്രത്യക്ഷേണ തന്നെ ഇത്രയും തൊഴിലാളി വിരുദ്ധ നയങ്ങൾ ഈ ബില്ലിൽ ഉണ്ടായിട്ടും  തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന ഒരു വ്യവസ്​ഥയും ഇതിലില്ലെന്നാണ്​ തൊഴിൽ മന്ത്രി വാദിക്കുന്നത്.  44 തൊഴിൽ നിയമങ്ങൾ ഏകീകരിച്ച് നാലു ലേബർ കോഡുകൾ പാസാക്കാനുള്ള  സർക്കാറി​​െൻറ ശ്രമങ്ങളുടെ ഭാഗം മാത്രമാണിതെന്നും തൊഴിൽമന്ത്രി വിശദീകരിച്ചു. 

കോർപ്പറേറ്റുകളെ പിന്താങ്ങി തൊഴിലാളികളെ വെറും ദിവസക്കൂലി അടിമകളാക്കാനുള്ള ബിജെപി സർക്കാരിന്റെ നയത്തിനെതിരെ രാജ്യത്തെ മുഖ്യധാരാ േട്രഡ് യൂനിയനുകൾ യോജിച്ച് ജനുവരി എട്ടിന് അഖിലേന്ത്യ പണിമുടക്ക് സംഘടിപ്പിച്ചിരുന്നു. എന്നാൽ, പതിവുപോലെ പ്രതിഷേധങ്ങളെ ഒന്നും വകവെയ്ക്കാതെ ബില്ലുകൾ അവതരിക്കപ്പെടുന്നു, വേണമെന്ന് വെച്ചാൽ അവർ പാസാക്കിയെടുക്കുന്നു.

ഒരുപാട്, പ്രക്ഷോഭങ്ങളിലൂടെയും ത്യാഗപൂർണമായ സമരമുറകളിലൂടെയുമാണ്   തൊഴിലാളികൾ ഇന്ന് ഇതുവരെയുണ്ടായിരുന്ന ഈ അവകാശങ്ങളൊക്കെ നേടിയെടുത്തിരുന്നത്. ഇന്ത്യയുടെ തൊഴിൽ നിയമങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളിൽ നിന്ന് തന്നെ ഉടലെടുത്തതാണ്. ആയതിനാൽ, തന്നെ ഈ നിയമലംഘനങ്ങൾ അടിസ്ഥാനവകാശ ലംഘനങ്ങൾ തന്നെയാണ്.

 

 

By Arya MR