ഡൽഹി:
വായുസേനയുടെ റഫാല്‍ യുദ്ധവിമാനങ്ങളിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റായി ചുമതലയേൽക്കാൻ ഒരുങ്ങുകയാണ് ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് ശിവാംഗി സിംഗ്. വാരണാസി സ്വദേശിയായ ശിവാംഗി വനിതാ ഫൈറ്റര്‍ പൈലറ്റുമാരുടെ രണ്ടാം ബാച്ചിലെ അംഗമാണ്. നിലവില്‍ 17 സ്ക്വാഡ്രണ്‍റെ ഭാഗമാകാനായുള്ള പ്രത്യേക പരിശീലനങ്ങളിലാണ് ശിവാംഗി സിംഗ്. 2017 മുതൽ മിഗ് 21 ബൈസണ്‍ വിമാനങ്ങള്‍ പറത്തുന്ന ഫൈറ്റര്‍ പൈലറ്റായ ഇവർ പഠനകാലത്ത് എന്‍സിസിയുടെ 7 യുപി എയര്‍ സ്ക്വാഡ്രണ്‍റെ ഭാഗമായിരുന്നു.
2016ൽ എയര്‍ഫോഴ്സ് അക്കാദമിയിലെത്തി പഠനം പൂർത്തിയാക്കിയ ശേഷം വായുസേനയുടെ ഏറ്റവും പഴക്കമേറിയ വിമാനമായ മിഗ് 21 മുതല്‍ ഏറ്റവും പുതിയ റഫാല്‍ വരെ പറത്തുന്ന ആദ്യ വനിത ഫൈറ്റര്‍ പൈലറ്റ് എന്ന ചരിത്ര നേട്ടവും ശിവാംഗിക്ക് സ്വന്തമാണ് . വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാനൊപ്പവും ശിവാംഗി യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ട്. രാജസ്ഥാന്‍ അതിര്‍ത്തിയിലെ ബേസില്‍ നിന്നാണ് ശിവാംഗി ഇപ്പോൾ അമ്പാലയിൽ പരിശീലനത്തിന് എത്തിയിട്ടുള്ളത്.