Wed. Nov 6th, 2024

ആലപ്പുഴ: തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് തീയിട്ടെന്ന കേസിൽ കോടതി വെറുതെവിട്ടയാൾ ജാമ്യമെടുക്കാൻ ആളില്ലാതെ 521 ദിവസമായി  ജയിലിൽ കഴിയുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശം നൽകിയത്. 30 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. 2019 ഏപ്രിൽ 7 ന് ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ  മണ്ണഞ്ചേരി ഈസ്റ്റ് കമ്മിറ്റി ഓഫീസ് കത്തി നശിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനോട് 30 ദിവസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കാൻ  ജില്ലാ പോലീസ് മേധാവി ആവശ്യപ്പെടണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

മണ്ണഞ്ചേരി ആറാം വാർഡ് കണ്ടത്തിൽ വീട്ടിൽ ജോഷിയെ (58) ജയിൽ മോചിതനാക്കാൻ കോടതി ഉത്തരവിട്ടിട്ടും  ജയിലിൽ നിന്ന് വിട്ടയക്കാത്തത്  സംബന്ധിച്ച് തിരുവനന്തപുരം  സെൻട്രൽ ജയിൽ സൂപ്രണ്ട് കമ്മീഷനിൽ വിശദീകരണം നൽകണം. ജയിൽ വിഭാഗം ഡിജിപിയും ഇക്കാര്യം വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണം. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഒക്ടോബർ 17 ന് മാത്രമേ ജോഷിയെ ജയിലിൽ നിന്ന് വിട്ടയക്കാൻ കഴിയുകയുള്ളുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്. കോടതി ഉത്തരവ് തപാൽ മാർഗ്ഗം കിട്ടണമെന്നാണ് ജയിൽ അധികൃതടെ നിലപാട്. അതേ സമയം ഉത്തരവ് കോടതിയിൽ നിന്ന്  ഇ മെയിൽ വഴി  ലഭിച്ചിരുന്നു.

2019 ഏപ്രിൽ 7 ന് മണ്ണഞ്ചേരി പാർട്ടി ഓഫീസ് കത്തിയ കേസിലാണ് ജോഷിയെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്.  തെളിവില്ലാതെ കോടതി വിട്ടയച്ചെങ്കിലും ജോഷി നീണ്ട കാലം ശിക്ഷ അനുഭവിച്ചു.  പണമില്ലാത്തതുകൊണ്ടാണ് വീട്ടുകാർക്ക് ജോഷിയെ ജാമ്യത്തിലിറക്കാൻ കഴിയാതിരുന്നത്. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ഇയാൾ.  ജോഷിയുടെ കേസ് വാദിച്ചത് ലീഗൽ സർവീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകനാണ്. കുറ്റത്തിന് കിട്ടാവുന്ന പരമാവധി ശിക്ഷയെക്കാൾ കൂടുതൽ  ദിവസം ഒരാളെ ജയിലിൽ കിടത്താൻ പാടില്ലെന്നാണ് നിയമമെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

 

 

By Binsha Das

Digital Journalist at Woke Malayalam