ഡൽഹി:
ടൈം മാഗസിൻ പുറത്തിറക്കിയ 2020ൽ ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നൂറ് പേരുടെ പട്ടികയിൽ ‘ഷഹീൻ ബാഗ് കി ദാദി’ ബിൽകിസും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തിന് തന്റെ എൺപത്തി രണ്ടാം വയസിലും ആവേശത്തോടെ നേതൃത്വം നൽകിയ ആളാണ് ബിൽകിസ്. “ഞങ്ങൾ ഇവിടെ നിന്ന് എവിടെയും പോകുന്നില്ല” എന്ന ഉറച്ച തീരുമാനമായിരുന്നു ഈ മുത്തശ്ശിക്ക് എന്നും കൂട്ട്. “ സിഎഎയെയും എൻആർസിയെയും കുറിച്ച് ആരും സംസാരിച്ചില്ല, പക്ഷേ സ്ത്രീകൾ ഈ വിഷയം ഉന്നയിച്ചു. ഞങ്ങൾ എവിടെയും പോകില്ല. ഞങ്ങൾ എന്തിനാണ് നീങ്ങേണ്ടത്? ഞങ്ങൾക്ക് പ്രശ്‌നമുണ്ട്, മറ്റാരുമല്ല, അവർ അത് കാണുന്നില്ലേ?” ഇതായിരുന്നു മധ്യസ്ഥത വഹിക്കാൻ വരുന്നവരോട് ബിൽകിസിന് ചോദിക്കാനുണ്ടായിരുന്നത്.
ഡൽഹി ഷഹീൻ ബാഗിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ മാസങ്ങളോളം കടുത്ത തണുപ്പും മഴയും അനുഭവിച്ചാണ് ഒരുപാട് സ്ത്രീകളോടൊപ്പം ബിൽകിസും പങ്കെടുത്തത്. ഒരു കൈയ്യിൽ പ്രാർഥനാ ഗീതവും മറ്റൊരു കയ്യിൽ ദേശീയ പതാകയുമായി ആയിരുന്നു അവരുടെ സമരം. ലോകനേതാക്കളോടൊപ്പം ടൈം മാഗസിൻ പട്ടികയിൽ ഇടം നേടിയ ബിൽകിസ് ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമാണ്.
ബിൽകിസിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി, ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന, സിഇഒ സുന്ദർ പിച്ചൈ, പ്രൊഫസർ രവീന്ദ്ര ഗുപ്ത എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇന്ത്യക്കാർ.