Mon. Dec 23rd, 2024

വടകര:

നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ്‌ ചുമക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ. പാർട്ടിയിലോ, സർക്കാരിലോ നേതാക്കളുടെ മക്കൾ അനധികൃതമായി ഇടപെടുന്നുവെന്നത് ശരിയല്ല. അത്തരം ഇടപെടലുകൾ ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  മകൻ എന്തെങ്കിലും ഇടപാടിൽ പെട്ടിട്ടുണ്ടെങ്കിൽ അത് അവൻതന്നെ നേരിട്ടുകൊള്ളുമെന്ന് കോടിയേരി ബാലകൃഷ്ണൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ആരുടെയെങ്കിലും മക്കൾ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അവരെ ഒരുതരത്തിലും പാർട്ടി സംരക്ഷിക്കില്ല. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ നേതൃത്വത്തിനെതിരേ നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയരാജന്‍  പറഞ്ഞു.

സിപിഎം നേതാക്കളെ രണ്ടുതട്ടിലാക്കി ചിത്രീകരിച്ച് മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.  കോടിയേരിയും ഇ.പി. ജയരാജനും തന്റെ സീനിയർ നേതാക്കളാണ്. ഞങ്ങളുടെ കുടുംബങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ലോബിയിലെ പ്രമുഖനാണല്ലോ താങ്കൾ. അങ്ങയുടെ മക്കൾ വിവാദങ്ങളിലൊന്നും പെടാതെ ജാഗ്രതകാണിക്കുന്നതും പൊതുസമൂഹം ശ്രദ്ധിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ ഈ മറുപടി.

പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നതാണ് പ്രവർത്തകന്റെ ചുമതല. എന്നെ ഏൽപ്പിക്കുന്ന ചുമതല നല്ലരീതിയിൽ നിർവഹിക്കുകയെന്നതാണ് പ്രധാനം. സെക്രട്ടറിസ്ഥാനത്തിരിക്കുമ്പോൾ ലഭിച്ചിരുന്ന മാധ്യമശ്രദ്ധ ഇപ്പോൾ കിട്ടുന്നില്ലായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞശേഷം വേണ്ടത്ര പരിഗണന പാർട്ടിയിൽ ലഭിച്ചില്ലെന്ന പരാതിയുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി.

By Binsha Das

Digital Journalist at Woke Malayalam