കൊച്ചി:
ബിജെപിയുടെ സമരമുഖങ്ങളിൽ പ്രത്യക്ഷപ്പെടാതെ ശോഭാ സുരേന്ദ്രൻ. കെ ടി ജലീലിനെതിരായ സമരങ്ങൾ ബിജെപി ശക്തമാക്കുമ്പോഴും ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയാവുകയാണ്. ശോഭാ സുരേന്ദ്രൻ പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും പറഞ്ഞൊഴിയുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.
കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായ ശേഷം ബിജെപി ഏറ്റെടുത്ത പ്രധാനപ്പെട്ട വിഷയമാണ് സ്വർണക്കടത്ത് കേസ്. പല ജില്ലകളിലും സ്ത്രീകളടക്കം സമരരംഗത്ത് സജീവമായി പങ്കെടുക്കുന്നുണ്ട്. എന്നാൽ ബിജെപിയുടെ സമരമുഖങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായ ശോഭാ സുരേന്ദ്രനെ മാത്രം കാണാനില്ല.
കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ശോഭ സുരേന്ദ്രൻ പൊതുരംഗത്ത് സജീവമല്ല. ചില ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ സാന്നിധ്യമറിയിക്കൽ മാത്രമാണുള്ളത്. നേരത്തെ പാർട്ടി സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് ശോഭാ സുരേന്ദ്രന്റെ പേരും പറഞ്ഞുകേട്ടിരുന്നു. പക്ഷേ സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചപ്പോൾ അവർക്ക് വൈസ് പ്രസിഡന്റ് പദവിയാണ് നൽകിയത്.കോർകമ്മിറ്റിയിൽ നിന്ന് പുറത്തുമായി.