Mon. Dec 23rd, 2024

കാസര്‍ഗോഡ്:

മുസ്ലിം ലീ​ഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമര്‍ശനുമായി സിപിഎം. ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യുഎഇ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന് ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന് മലയാളികളുടെ ജീവന്‍കൊണ്ട് പന്താടുകയാണെന്ന് സിപിഎം ആരോപിച്ചു.

ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന രാജ്യമാണ് യുഎഇ. ആ രാജ്യം അവരുടെ കോണ്‍സുലേറ്റിലേക്ക് അയച്ചതാണ് ഖുറാനും ഈന്തപ്പഴവും. ഇത് കേന്ദ്രസര്‍ക്കാറിന്റെ കസ്റ്റംസ് ക്ലിയറന്‍സ് ചെയ്തതുമാണ്. അതില്‍ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണ്ണമാണെന്ന ധ്വനിയില്‍ ആരോപിക്കുകയും ചെയ്തു. കോണ്‍സുലേറ്റിലേക്ക് യുഎഇ സര്‍ക്കാര്‍ അയച്ച ഖുറാനിലും ഈന്തപ്പഴത്തിലും സ്വര്‍ണ്ണം കടത്തിയെന്ന് ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി ആ രാജ്യത്തെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതെന്നും സിപിഎം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അഴിമതിയെ മറയാക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ സര്‍ക്കാര്‍ കൂട്ടുപിടിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറ‍‍ഞ്ഞിരുന്നു. ആരാണ് ഈ അടവെടുത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്നും അഴിമതി ആരോപണത്തിന് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിശുദ്ധ ഗ്രന്ഥമായാലും നേരായ മാര്‍ഗത്തില്‍ കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam