തിരുവനന്തപുരം:
മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരങ്ങൾ ഒമ്പതാം ദിവസവും തുടരുന്നു. ഇന്ന് കോഴിക്കോട്, കാസർകോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ സംഘർഷമുണ്ടായി.
കോഴിക്കോട്ട് കളക്ട്രേറ്റിനു മുമ്പിൽ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. ബാരിക്കേഡ് തകർക്കാനുള്ള ശ്രമം ചെറുക്കാൻ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിക്കാനാണ് തുനിഞ്ഞത്. എന്നാൽ, സാങ്കേതിക തകരാറുമൂലം ശ്രമം പരാജയപ്പെട്ടതോടെ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. എന്നാൽ, അതിനിടെ പ്രതിഷേധകർ ബാരിക്കേഡുകൾ തകർക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. കണ്ണീർവാതക പ്രയോഗത്തിൽ പിന്നോട്ട് മാറാതിരുന്ന പ്രതിഷേധകർക്ക് നേരെ പോലീസ് ലാത്തി ചാർജ്ജും നടത്തി. സംഘർഷങ്ങൾക്കൊടുവിൽ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
പത്തനംതിട്ടയിൽ കലക്ടറേറ്റിലേക്കുള്ള യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധത്തിലും നേരിയ സംഘർഷമുണ്ടായി. കളക്ടറേറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണന് പരിക്കേറ്റു.