Sun. Dec 22nd, 2024
കൊച്ചി:

സ്വർണക്കടത്ത് കേസിൽ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്ക്. കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് എൻഐഎ വ്യക്തമാക്കി. ഉന്നത വ്യക്തികളെ ചോദ്യം ചെയ്യണമെന്നും എൻഐഎ.

കേസിൽ 12 പ്രതികളുടെ റിമാൻഡ് നീട്ടാനായി എൻഐഎ കോടതിയില്‍ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് നിർണായക പരാമർശങ്ങൾ. ഇതുവരെ എൻഐഎ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ആവശ്യമാണ്.

അതേസമയം നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. എൻഐഎയ്ക്ക് നൽകിയ വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ നടക്കുക.

നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോൺസുലേറ്റിന്റെ ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിന്റെ അനുമതി വേണം. യുഎഇ കോൺസുലേറ്റിനെ എതിർകക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം.