Mon. Dec 23rd, 2024

കൊച്ചി:

മന്ത്രി കെടി ജലീലിന്‍റെ രാജ്യ ആവശ്യപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.  സംസ്ഥാനത്ത് പരക്കെ യൂത്ത് കോണ്‍ഗ്രസും, യുവമോര്‍ച്ചയും, കെ എസ് യുവും നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലാത്തിച്ചാർജ് പ്രയോഗിച്ചു. പാലക്കാട് ലാത്തിച്ചാർജിനിടെ വിടി ബൽറാം എംഎല്‍എയ്ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. വിടി ബൽറാം എംഎല്‍എയെ പൊലീസ് വളഞ്ഞിട്ടടിച്ചു.

കൊല്ലത്ത് കെഎസ് യു നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ചയും, യൂത്ത് കോണ്‍ഗ്രസും സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിലേക്ക് വഴിമാറി. കോട്ടയത്തും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. എന്നാല്‍, ഇപ്പോഴും പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്.

കൊച്ചിയിലെ എൻഐഎ ഓഫീസിന് സമീപം പ്രതിഷേധിച്ച കോണ്‍​ഗ്രസ് പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. പ്രതിഷേധം മുന്നില്‍ കണ്ട് ജലീലിനെ ചോദ്യം ചെയ്യുന്ന എന്‍ഐഎ ഓഫീസിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. കടവന്ത്രയിൽ നിന്ന് എൻഐഎ ഓഫീസിലേക്ക് തിരിയുന്ന എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്.

 

By Binsha Das

Digital Journalist at Woke Malayalam