തിരുവനന്തപുരം:
സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി വിലയിരുത്തി. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടുത്തം ഉണ്ടായതെന്ന് ഡോക്ടര്‍ എ കൗശിഗന്‍ അധ്യക്ഷനായ സമിതി അറിയിച്ചു. തീപ്പിടുത്തത്തില്‍ 25 ഫയലുകള്‍ക്ക് മാത്രമാണ് നാശനഷ്ടമുണ്ടായതെന്നും ഉദ്യോഗസ്ഥ സമിതി ചൂണ്ടിക്കാട്ടി. മുൻപ് ഇലക്ട്രിക്കല്‍ ഇന്‍സ്‍പെക്ടറേറ്റ് വിഭാഗവും,ഫയര്‍ ഫോഴ്സും സമാനമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് കൈമാറിയത്.
കഴിഞ്ഞ മാസം 25ന് വൈകിട്ടാണ് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപ്പിടുത്തമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുളള ആസൂത്രിത തീപ്പിടുത്തമായിരുന്നു ഇതെന്ന പ്രതിപക്ഷ സംഘടനകളുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണം പ്രത്യേക ഉദ്യോഗസ്ഥ സമിതിക്ക് നൽകിയത്. ഇതോടെ തീപ്പിടുത്തത്തിന് കാരണം പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായിരുന്ന ടേബിള്‍ ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.