ഡൽഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാൾ. ജമദിനാഘോഷത്തിന്റെ ഭാഗമായി 14 മുതൽ ബിജെപി ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവാ സപ്താഹം ആചരിച്ച് വരികയാണ്. ജനസേവനം ലക്ഷ്യമാക്കി വിവിധ സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പാര്‍ട്ടി ദേശീയനേതൃത്വം പ്രവര്‍ത്തകരോടു നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനത്തെയും 70 താലൂക്കുകളിലെ ശാരീരികവെല്ലുവിളി നേരിടുന്ന 70 പേര്‍ക്ക് സഹായമെത്തിക്കുക, ഓരോ ബ്ലോക്കിലെയും 70 പേര്‍ക്ക് കണ്ണട നല്‍കുക, 70 സ്ഥാപനങ്ങള്‍ ശുചീകരിക്കുക, കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മരുന്നുവിതരണം, കൂടാതെ രക്തദാന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, അന്നദാനം തുടങ്ങിയവ നടത്തുമെന്ന് ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനം ഡല്‍ഹിയില്‍ ആരംഭിച്ചിട്ടുണ്ട്. സൂറത്തില്‍ 70,000 വൃക്ഷത്തൈകള്‍ നട്ടാണ് ജന്മദിനാഘോഷങ്ങൾ തുടങ്ങുന്നത്. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് ചടങ്ങുകൾ.
മോദിയുടെ എഴുപതാം പിറന്നാളിൽ ആശംസകൾ അറിയിച്ച് നിരവധി പ്രമുഖർ രംഗത്തെത്തി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുട്ടിനും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയും അടക്കം ട്വിറ്ററിലൂടെ ജന്മദിനാശംസകൾ നേർന്നു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍’ എന്നാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, തുടങ്ങിയവരും ആശംസകൾ നേർന്നു.