ലഖ്‌നൗ:
ഉത്തർപ്രദേശ് സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സിന് (യു.പി.എസ്.എസ്.എഫ്) വാറണ്ടില്ലാതെ അറസ്റ്റും തെരച്ചിലും നടത്താനുള്ള അധികാരം നൽകി സംസ്ഥാന സർക്കാർ. യുപി പൊലീസിലെ പ്രത്യേക വിഭാഗമായാണ് ഈ സേന പ്രവർത്തിക്കുക. കോടതികൾ, വിമാനത്താവളങ്ങൾ, മെട്രോ, ബാങ്കുകൾ, ഭരണകാര്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവയ്ക്ക് സംരക്ഷണം നൽകാനാണ് ഉത്തർപ്രദേശിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് സമാനമായ യു.പി.എസ്.എസ്.എഫ് രൂപീകരിച്ചത്.
മജിസ്ട്രേറ്റിന്റെ അനുമതിയോ വാറണ്ടോ ഇല്ലാതെ ഏതു വ്യക്തിയെയും അറസ്റ്റ് ചെയ്യാനുള്ള അനുമതിയാണ് യു.പി.എസ്.എസ്.എഫിന് നൽകിയിരിക്കുന്നത്. 1747.06 കോടി പ്രാഥമിക ചെലവിൽ എട്ട് ബറ്റാലിയൻ യു.പി.എസ്.എസ്.എഫിനെ റിക്രൂട്ട് ചെയ്തതായി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അവനിഷ് അശ്വതി അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വപ്ന പദ്ധതിയാണ് പ്രത്യേക സുരക്ഷാ സേനയെന്നും അദ്ദേഹം വ്യക്തമാക്കി. സേനക്കായി പ്രത്യേക നിയമാവലി ചിട്ടപ്പെടുത്തുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാൽ സേനയുടെ അധികാരങ്ങളെ കുറിച്ച് സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.
ഏതെങ്കിലും തരത്തിൽ അക്രമം നടത്തുന്ന, തടഞ്ഞു വെച്ച് ആക്രമിക്കുകയോ, അക്രമികളെ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തുകയോ, തെറ്റായി തടഞ്ഞുവെക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും വാറണ്ടില്ലാതെ യു.പി.എസ്.എസ്.എഫിന് അറസ്റ്റ് ചെയ്യാം. എന്നാൽ വാറണ്ടില്ലാതെ അറസ്റ്റിനും തെരച്ചിലിനുമുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.