Thu. Apr 25th, 2024

ചെന്നൈ:

നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയതിന്റെ പേരിൽ രാജ്യത്തെ കോടതികളെ വിമര്‍ശച്ചതിന് നടന്‍ സൂര്യയ്ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യം. ഇത് സംബന്ധിപ്പിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എപി സാഹിക്ക് അദ്ദേഹം കത്തെഴുതി.

നീറ്റ് പരീക്ഷയെ ‘മനുനീതി പരീക്ഷ’ എന്നാണ് സൂര്യ വിശേഷിപ്പിച്ചത്. പരീക്ഷ സംഘടിപ്പിക്കുന്ന സര്‍ക്കാറിനെയും, കോടതിയെയും, മാധ്യമങ്ങളെയും അദ്ദേഹം വിമർശിച്ചു. ഇപ്പോള്‍ പരീക്ഷ നടത്തുന്ന രീതിയെ നസാക്ഷിയില്ലാത്ത നിലപാടായാണ് അദ്ദേഹം വിശദീകരിച്ചത്. നീറ്റ് പരീക്ഷ നടത്താനുള്ള തീരുമാനത്തെ തുടർന്ന് തമിഴ്‌നാട്ടിൽ മൂന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ പോസ്റ്റ്.

പകര്‍ച്ച വ്യാധി ഭീതിയില്‍ കേസുകള്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി കേള്‍ക്കുന്ന കോടതികളിലെ ജഡ്ജിമാര്‍ തന്നെ കുട്ടികളോട് നേരിട്ട് പരീക്ഷ എഴുതാന്‍ പറയുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് കോടതിക്കെതിരായ പരാമര്‍ശമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തന്‍റെ അഭിപ്രായ പ്രകാരം ഇത്തരം പ്രസ്താവനകള്‍ രാജ്യത്തെ ബഹുമാന്യരായ ജഡ്ജിമാരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതും രാജ്യത്തെ നീതി സംവിധാനത്തെ ചോദ്യം ചെയ്യുന്നതുമാണെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യം ആരോപിച്ചു. വളരെ മോശം രീതിയിലുള്ള വിമര്‍ശനമാണിതെന്നും അദ്ദേഹത്തിന്റെ കത്തിൽ പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam