Fri. Nov 22nd, 2024

ആലപ്പുഴ:

വാസയോഗ്യമായ വീടുള്ള അമ്മയുടെ പേരും വാസയോഗ്യമായ  വീടില്ലാത്ത തന്റെ പേരും ഒരേ റേഷൻ കാർഡിലായതിനാൽ ലൈഫ് മിഷൻ പദ്ധതി വഴി വീട് നിഷേധിച്ചതായി പരാതി. പട്ടോളിമാർക്കറ്റ് പുതിയവിള സ്വദേശിനി രാജിമോളാണ് പരാതിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഒരേ റേഷൻ കാർഡിലാണ് പേരുണ്ടായിരുന്നതെങ്കിലും അമ്മയും മകളും രണ്ടിടത്താണ് താമസം. പിന്നീട് അമ്മയുടെ പേര് പരാതിക്കാരിയുടെ റേഷൻ കാർഡിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. എന്നിട്ടും ലൈഫ് പദ്ധതിതിയുടെ ഗുണഭോക്ത്യ പട്ടികയിൽ പേര് വരാത്ത സാഹചര്യത്തിലാണ് രാജിമോൾ പരാതി നൽകിയത്.

പരാതിക്കാരിക്ക് വീട് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന വീട് വാസയോഗ്യമല്ലെന്നും തീർത്തും ജീർണാവസ്ഥയിലുമാണെന്ന് കമ്മീഷൻ കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ലൈഫ് പദ്ധതിയുടെ അർഹതാ മാനദണ്ഡപ്രകാരം ഒരു റേഷൻകാർഡിൽ ഉൾപ്പെട്ട കുടുംബത്തിന് വാസയോഗ്യമായ വീടുണ്ടെങ്കിൽ ഭവനനിർമ്മാണത്തിന് ധനസഹായം നൽകാൻ കഴിയില്ല. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് ഇക്കാര്യത്തിൽ സംഭവിച്ചതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.

 

By Athira Sreekumar

Digital Journalist at Woke Malayalam