Sun. Dec 22nd, 2024

ഡൽഹി  കലാപത്തിന് പിന്നിലെ ഗൂഢാലോചന, ജെഎൻയു വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. ഇത്തരം വാർത്തകളൊന്നും നമുക്ക് ഇപ്പോൾ പുത്തരിയല്ല. കാരണം, കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ വിമർശനമുയർത്തുന്ന, ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാൻ ശബ്ദമുയർത്തുന്ന, രാജ്യത്തിൻറെ അഖണ്ഡതയ്ക്കും മതനിരപേക്ഷതയ്ക്കും വേണ്ടി പ്രവർത്തിക്കുന്നവർക്ക് ഈ ഇടയായി കിട്ടുന്ന പൊൻപതക്കമാണ് യുഎപിഎ അഥവാ രാജ്യദ്രോഹക്കുറ്റം. 

രാജ്യമെമ്പാടും കേന്ദ്രത്തിന്റെ പൗരത്വ നിയമഭേതഗതിയ്‌ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ ബാക്കി പത്രമായിരുന്നു ഫെബ്രുവരി 23ന് വടക്ക് കിഴക്കൻ ഡൽഹിയിൽ നടന്ന കലാപം. കലാപത്തിൽ കൊല്ലപ്പെട്ടത് 53 പേർ, ഇരുന്നൂറിലധികം  പേർക്ക് വെടിയുണ്ടകളാൽ പരിക്കേറ്റു, ആയിരത്തോളം പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. 

മുസ്ലിം മതവിഭാഗക്കാർക്ക് നേരെ നടന്ന ഒരു സംഘടിത ആക്രമണമായിരുന്നു അതെന്ന് പ്രത്യേക്ഷേണ തന്നെ വ്യക്തമായിരുന്നു. ഷഹീൻബാഗിൽ നടന്നുവന്നിരുന്ന വളരെ സമാധാനപരമായ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സമരം ചെയ്തവരെ ഒഴിപ്പിക്കണമെന്ന് ബിജെപി നേതാവായ കപിൽ മിശ്രയാണ് ഡൽഹി പോലീസിനോട് ആഹ്വാനം ചെയ്തത്. പോലീസ് ഇത് നടപ്പാക്കിയില്ലെങ്കിൽ താൻ തന്നെ അത് ചെയ്യുമെന്ന് മിശ്ര പരസ്യമായി വെല്ലുവിളിച്ചു. ഇത് കപിൽ മിശ്ര തന്നെ ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തു.ഷഹീൻബാഗിൽ സമരം നടത്തുന്നവർ ഹിന്ദുമത വിശ്വാസികളുടെ വീടുകളിൽ കയറി പെൺകുട്ടികളെ ബലാത്സംഗം ചെയ്യും എല്ലാവരെയും കൊലചെയ്യും എന്ന് ബിജെപി എം പി പർവേശ് വെർമ പൗരത്വ നിയമ അനുകൂലികളോട് പറഞ്ഞു. പൗരത്വ പ്രതിഷേധക്കർക്ക് നേരെ കൈചൂണ്ടി ഇവരെ വെടിവെയ്ക്കണം എന്ന് കേന്ദ്ര  ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആഹ്വാനം ചെയ്തു. ഇതിനൊക്കെ പിന്നാലെയാണ് ആ കൂട്ടക്കുരുതി നടന്നതെന്ന് പകൽ പോലെ വ്യക്തം.

കലാപത്തിന് കാരണക്കാരായ ഈ ബിജെപി നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ അടക്കം പോലീസിൽ പരാതി നൽകി. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ചരടിൽ പ്രവർത്തിച്ച ഡൽഹി പോലീസ് ഒരു ചെറുവിരൽ ഇവർക്കെതിരെ അനക്കിയില്ല. എന്നാൽ, ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹര്ജികൾ പരിഗണിച്ച അന്നത്തെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുരളീധർ വിദ്വേഷ പ്രസംഗം നടത്തി കലാപം സൃഷ്ടിച്ച ഈ നേതാക്കൾക്ക് എതിരെ ഉടൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇവർക്കെതിരെ പരാതികൾ ലഭിച്ചട്ടും നടപടിയെടുക്കാത്ത ഡൽഹി പോലീസിനെ അതിരൂക്ഷമായി വിമർശിച്ചു. എന്നാൽ, ഈ നേതാക്കൾ നടത്തിയ വിദ്വേഷപ്രസംഗങ്ങൾ കണ്ടില്ല എന്ന ഡൽഹി പോലീസിന്റെയും  സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയുടെയും വിശദീകരണത്തിന് പ്രസംഗങ്ങൾ ഓരോന്നായി കോടതി മുറയിൽ തന്നെ പ്രദർശിപ്പിച്ചു. എന്നാൽ, ഡൽഹി കലാപത്തിനെ നീതിപൂർവമായ സമീപിച്ച ജസ്റ്റിസ് മുരളീധരനെ കേന്ദ്രം അർദ്ധരാത്രി പന്ത്രണ്ട് മണിയ്ക്കുള്ളിൽ സ്ഥലം മാറ്റി, ബിജെപി നേതാക്കളെ രക്ഷിക്കുകയാണ് ചെയ്തത്.

കഴിഞ്ഞദിവസം, ആക്ടിവിസ്റ്റുകളുടെയും, വിദ്യാർത്ഥികളുടെയും, അഭിഭാഷകരുടെയും സംഘടന പറഞ്ഞതുപോലെ, പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത് ബിജെപി സർക്കാരിന്റെ മന്ത്രവാദി വേട്ടയ്ക്കായിരുന്നു. പൗരത്വ ഭേതഗതിയ്‌ക്കെതിരെ ശബ്ദമുയർത്തിയ ഓരോരുത്തരായി അഴിക്കുള്ളിലായി, അതും ഡൽഹി കലാപത്തിന് കാരണക്കാരായി എന്ന പേരിൽ. ജാമിയ മിലിയ സർവകലാശാല വിദ്യാർഥികളായ സഫൂറ സർഗാർ, മീരാൻ ഹൈദർ, ജെ എൻ യു വിദ്യാർത്ഥി സംഘടനാ നേതാവായ ഉമർ ഖാലിദ്, ഗോരഖ്‌പൂർ ഡോക്ടർ കഫീൽ ഖാൻ, ഒന്നിനുപുറകെ ഒന്നായി  യുഎപിഎ ചുമത്തപ്പെട്ടു. ഗർഭിണിയാണെന്ന മാനുഷിക പരിഗണന പോലും നൽകാതെ ഈ കൊവിഡ് കാലത്ത് സഫൂറ സർഗറിനെ രണ്ടരമാസത്തിലധികംജയിലിലടച്ചു. 

സമാനമായ ചാർജുകൾ ചുമത്തി ജയിലിലടയ്ക്കപ്പെട്ട ഡോ. കഫീൽ ഖാനെ നിരുപാധികം അലഹബാദ് കോടതി ഈ മാസം വിട്ടയച്ചിരുന്നു. എന്നാൽ, പൗരത്വ ഭേതഗതിയ്‌ക്കെതിരെ സംസാരിച്ചവർക്ക് മേലുള്ള വേട്ട ഇതുവരെയും അവസാനിച്ചിട്ടില്ല. ഇതിന് തെളിവാണ് ഇന്നലെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന്‍ പ്രൊഫ. അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയ്, മുന്‍ എം.എല്‍.എ. മതീന്‍ അഹമ്മദ്, എ.എ.പി. എം.എല്‍.എ. അമാനത്തുള്ള ഖാന്‍ എന്നിവർക്കെതിരെ വന്ന ഡൽഹി കലാപം ഗൂഢാലോചന കുറ്റം. എന്നാൽ, രാജ്യത്ത് പ്രതിഷേധം ഇതിനെതിരെ പൊട്ടിപുറപ്പെട്ടപ്പോൾ, കുറ്റപത്രത്തിൽ ഇവരുടെ പേരുകൾ പരാമര്ശിച്ചിട്ടുണ്ടെന്ന് മാത്രമേയുള്ളുവെന്നും അറസ്റ്റിലായ ഒരാളുടെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം  കുറ്റം ചുമത്തുകയില്ലെന്ന വിശദീകരണം ഡൽഹി പോലീസ് നൽകിയിരുന്നു.

എന്നിരുന്നാലും, കലാപത്തിന്റെ യഥാർത്ഥ ഉത്തരവാദികൾ നിയമവലയ്ക്ക് പുറത്ത് സ്വൈര്യവിഹാരം നടത്തുമ്പോൾ അനീതിയ്‌ക്കെതിരെ ശബ്ദം ഉയർത്തിയവരുടെ പേരുകൾ ആസ്ഥാനത്ത് പരാമര്ശിക്കപ്പെടുന്നത് പോലും എത്ര ക്രൂരമാണ്.

By Arya MR