Sat. Mar 30th, 2024

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ സർവാധികാരിയായിരുന്ന ഒരു ന്യായാധിപനാണ് കഴിഞ്ഞദിവസം പടിയിറങ്ങിയത്. അപവാദങ്ങളും വിവാദങ്ങളും ബാക്കിനിർത്തിയായിരുന്നു ആ പടിയിറക്കം. സുപ്രീംകോടതിയുടെ സമീപകാല ചരിത്രത്തില്‍ ഇത്രയും വാര്‍ത്താശ്രദ്ധ നേടിയ മറ്റൊരു ജഡ്ജിയില്ല. പുറപ്പെടുവിച്ച വിധികളിലെല്ലാം ഒളിഞ്ഞിരുന്ന രാഷ്ട്രീയക്കറ തന്നെയാണ് ജസ്റ്റിസ് അരുൺ മിശ്രയെ വിമർശനങ്ങൾക്ക് പാത്രമാക്കിയത്. 

2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെയായിരുന്നു മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അരുൺ മിശ്രയുടെ സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റം. നീണ്ട ആറ് വർഷത്തെ സേവനക്കാലയളവിൽ പുറപ്പെടുവിച്ചത് ഒട്ടനവധി സുപ്രധാന വിധിന്യായങ്ങൾ. തീരദേശ പരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടിൽ പണിത നാല് ഫ്ലാറ്റുകൾ അടിയന്തരമായി പൊളിച്ച് നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ ജസ്റ്റിസ് അരുൺ മിശ്ര എന്ന നാമം മലയാളികൾക്കിടയിലും ചർച്ചയായി. ഔദ്യോഗിക ജീവിതത്തിന്റെ അവസാന നാളുകളിൽ കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ് ശിക്ഷ വിധിച്ചതിലൂടെയും എതിര്‍പ്പുകളും വിമര്‍ശനങ്ങളും ബാക്കിവച്ചാണ് അരുൺ മിശ്ര വിരമിച്ചത്. 

തന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രശാന്ത് ഭൂഷൺ ഇട്ട രണ്ട് ട്വീറ്റുകളാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ജൂൺ 27ന് പോസ്റ്റ് ചെയ്ത ആദ്യ ട്വീറ്റിൽ ഭൂഷൺ പറഞ്ഞത്, കഴിഞ്ഞ ആറ് വർഷത്തെ മോദി ഭരണത്തിൽ ഒരു ഔദ്യോഗിക അടിയന്തരാവസ്ഥ  പ്രഖ്യാപിക്കാതെ തന്നെ ജനാധിപത്യം തകര്‍ക്കപ്പെട്ടു, ഇതിൽ സുപ്രീം കോടതിയുടെ പ്രത്യേകിച്ച് മുൻപ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന നാല് വ്യക്തികളുടെ പങ്ക് ഭാവിയിൽ ചരിത്രകാരന്മാർ അനുസ്മരിക്കും എന്നായിരുന്നു. കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് സുപ്രീം കോടതി പ്രവർത്തനം നിർത്തിവെച്ച വേളയിൽ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രത്തെയാണ് ഭൂഷൺ രണ്ടാം ട്വീറ്റിൽ വിമർശിച്ചത്. രാജ്യത്തെ ഒരു സാധാരണ പൗരന് തന്റെ അടിസ്ഥാന മൗലികാവകാശമായ നീതിപോലും നിഷേധിക്കപ്പെട്ട സമയത്ത്, ന്യായാധിപൻ ഒരു ബിജെപി നേതാവിന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്കിൽ കറങ്ങുന്നു,അതും ഹെൽമറ്റോ, മാസ്‌കോ ധരിക്കാതെ എന്നുള്ളതായിരുന്നു രണ്ടാം ട്വീറ്റ്. എന്നാൽ, ഈ രണ്ടാം ട്വീറ്റിൽ ബോബ്‌ഡെയെ ഹെൽമെറ്റും മാസ്കും ധരിക്കാത്തതിന് വിമർശിച്ചതിൽ തനിക്ക് പിഴവ് സംഭവായിച്ചതായി ഭൂഷൺ തന്നെ പിന്നീട് തുറന്നുപറഞ്ഞിരുന്നു . ബൈക്കിൽ ബോബ്‌ഡെ യാത്ര ചെയ്തിരുന്നില്ല, ബൈക്ക് സ്റ്റാൻഡിൽ തന്നെയായിരുന്നു അത് ശ്രദ്ധിക്കാത്തതിൽ തനിക്ക് പിഴവ് സംഭിവിച്ചു എന്നായിരുന്നു ഭൂഷന്റെ വിശദീകരണം. 

എന്നിരുന്നാലും,  ഈ ട്വീറ്റുകൾ എങ്ങനെ കോടതിയലക്ഷ്യ കേസിന്റെ പരിധിയിൽ വരും എന്നുള്ളതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഇന്ത്യയിലെ നിയമസംവിധാനങ്ങളായ കോടതിയുടെ നടപടികളെയോ വിധികളെയോ മനപ്പൂർവം ധിക്കരിക്കുന്ന പ്രവൃത്തികളാണ് കോടതിയലക്ഷ്യ പരിധിയിൽ വരുന്നത്. ന്യായാധിപന്റെ പദവിയിലിരുന്ന വ്യക്തികളെ അവരുടെ ഉത്തരവുകളിലെ രാഷ്ട്രീയചായ്‌വിന്റെ പേരിൽ വിമർശിക്കുമ്പോൾ  അത് എങ്ങനെ കോടതിയലക്ഷ്യമാകും? ഇത്തരത്തിലുള്ള തുറന്ന വിമർശനങ്ങൾ അടിച്ചമർത്തപ്പെടുമ്പോൾ അവിടെ കൂച്ചുവിലങ്ങിട്ടത്‌ ഒരു പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അല്ലെ? ജനാധിപത്യ രാജ്യത്തിൽ സുപ്രീം കോടതിയുടെ വിധിയിൽ പോലും അനീതിയുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുവാനുള്ള അവകാശം ഒരു പൗരനില്ലേ?  ഈ ചോദ്യങ്ങൾ മുന്നിൽ നിൽക്കവെയാണ് പ്രശാന്ത് ഭൂഷണോട് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരന്തരം മാപ്പിരക്കാൻ ആവശ്യപ്പെട്ടത്. 

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കൈകാര്യം ചെയ്യുന്ന കേസുകളിൽ പലപ്പോഴും വിധിന്യായം എഴുതിയിരുന്നത് ജസ്റ്റിസ് അരുൺ മിശ്രയായിരുന്നു എന്നത് അദ്ദേഹത്തിന്റെ കോടതിവിധികളിലെ സ്വാധീനത്തിന്റെ അടയാളങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു. അത്തരത്തിൽ, വളരെ സുപ്രധാനപ്പെട്ട കേസുകളിൽ ഒന്നായ സഞ്ജീവ് ഭട്ട് കേസിൽ വിധി പുറപ്പെടുവിച്ചത് ചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്ത് ആയിരുന്നുവെങ്കിലും വിധിന്യായം തയാറാക്കിയത് മിശ്രയായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിൽ മോദി സർക്കാരിനെതിരെ കേസ് റിപ്പോർട്ട് തയാറാക്കിയതിന് തനിക്ക് മേൽ ഗുജറാത്ത് സർക്കാർ ചുമത്തിയ കേസ് റദ്ദാക്കണം, കലാപത്തിൽ കൃത്യവും സത്യസന്ധവുമായ അന്വേഷണം വേണം, ബിജെപി പ്രസിഡന്റ് അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ കേസിൽ പ്രതിചേർക്കണം എന്നീ ആവശ്യങ്ങളാണ് മുൻ ഐപിഎസ് ഉദ്യോഗസ്ഥാനായ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിൽ ഉന്നയിച്ചത്. 2002 ഫെബ്രുവരി 27ന് മോദിയുടെ വീട്ടിൽ നടന്ന യോഗത്തിൽ സഞ്ജീവ് ഭട്ട് സന്നിഹിതനായിരുന്നു. ഗോധ്ര ട്രെയിൻ തീവെച്ച് 57 ഹിന്ദുക്കൾ കൊല്ലപ്പെട്ട സംഭവത്തിന് പ്രതികാര ആക്രമണം നടത്താൻ മുഖ്യമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി കാട്ടിയിരുന്നുവെന്നും ഭട്ട് പ്രശാന്ത് ഭൂഷൺ ഇന്ദിര ജെയ്‌സിങ് എന്നീ അഭിഭാഷകർ മുഖേന കോടതിയെ ധരിപ്പിച്ചു. 

അന്ന് ഗുജറാത്തിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്ന തുഷാർ മേത്തയും കലാപത്തിലെ ചില പ്രതികളും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ഇമെയിലുകൾ ചോർത്തി തെളിവായി സമർപ്പിച്ചു. എന്നിട്ടും, ഭട്ടിനെതിരെ സമർപ്പിച്ച എഫ്‌ഐആർ അന്വേഷിക്കാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ (എസ്ഐടി) രൂപീകരിക്കാൻ ഒരു കാരണവുമില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര വിധിച്ചു. ഭട്ടിന്റെ പെരുമാറ്റം ബോർഡിന് മുകളിലല്ലെന്നും ശുദ്ധമായ കൈകളുമായി അല്ല ഭട്ട്   കോടതിയിൽ വന്നെതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. 

കൂടാതെ, ഗുജറാത്തിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ചെയ്ത പ്രവൃത്തി നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന ഒരു പ്രക്രിയയായി കാണാൻ കഴിയില്ലെന്നും മിശ്ര അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണിപ്പോൾ ഭൂഷന്റെ കേസിൽ മിശ്ര നടപ്പാക്കിയ ഇരട്ട നീതി വിമർശിക്കപ്പെടുന്നത്.

സഹാറ-ബിർള കേസിലും  മോദി സർക്കാരിനെ സംരക്ഷിച്ചുകൊണ്ടുള്ള സമാനമായ  നിലപാട് തന്നെയാണ് അരുൺ മിശ്ര സ്വീകരിച്ചതെന്ന് വേണമെങ്കിൽ പറയാം.  സഹാറ-ബിര്‍ള കമ്പനികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡയറികളുടെയും രേഖകളുടെയും  അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവര്‍ക്കെതിരെ കോടതി നിരീക്ഷണത്തിലുള്ള അന്വേഷണത്തിന്എസ്ഐടി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രശാന്ത് ഭൂഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.  നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 65 കോടി രൂപ നൽകിയതായി സഹാറയുടെയും ബിര്‍ളയുടെയും ഡ‍യറികളിൽ രേഖപ്പെടുത്തിയിരുന്നത് തെളിവായി കോടതിയിൽ ഭൂഷൺ സമർപ്പിച്ചിരുന്നു. എന്നാൽ, കേവലം തുണ്ടുകടലാസുകളുടെ മേൽ ഉന്നത വ്യക്തികൾക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാനാവില്ലെന്ന് അരുൺ മിശ്ര വിധിച്ചു.

 ഇരട്ട നീതിയുടെ മറ്റൊരു ഉദാഹരണം, കാലിത്തീറ്റ കുംഭകോണ കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിനെതിരെ നിരവധി കേസുകൾ സിബിഐ രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ശിക്ഷ വിധിച്ച ബീഹാർ ഹൈക്കോടതി അന്ന് ഉത്തരവിൽ പരാമർശിച്ചത്, സമാനമായ പല കേസുകൾ ഒരു വ്യക്തിയ്‌ക്കെതിരെ വരുമ്പോൾ എല്ലാം വിചാരണ ചെയ്യേണ്ട ആവശ്യമില്ലെന്നാണ്. എന്നാൽ, ഇതിനെതിരെ വളരെ വൈകി സിബിഐ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ കേസ് പരിഗണിച്ച അരുൺ മിശ്ര പറഞ്ഞത് ഓരോ കേസും വെവ്വേറെ പരിഗണിച്ച് ശിക്ഷ നൽകണമെന്നാണ്. എന്നാൽ, ഈ വിധി പുറപ്പെടുവിച്ച മിശ്ര സിബിഐ അപ്പീൽ നൽകാൻ എന്തുകൊണ്ട് വൈകി എന്ന് ചോദിച്ചതേയില്ല. 

അരുൺ മിശ്രയുടെ രാഷ്ട്രീയപ്രീണനം രഹസ്യചർച്ചകളിൽ സജീവമായതുകൊണ്ടാവാം, അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസ് കൈകാര്യം ചെയ്തിരുന്ന ജഡ്ജി ലോയയുടെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മിശ്ര അധ്യക്ഷ്യനായ ബെഞ്ചിന് കൈമാറിയതിനെ സുപ്രീം കോടതി ജഡ്ജിമാർ തന്നെ വിമർശിച്ചത്. അന്ന്ചരിത്രത്തിലാദ്യമായി  സുപ്രീം കോടതിയിലെ നാല് മുതിർന്ന   ജഡ്ജിമാർ മാധ്യമങ്ങൾക്ക് മുൻപിലേക്കെത്തി ജനാധിപത്യം അപകടത്തിലാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അന്ന് കേസ്‌ അരുൺ മിശ്രയുടെ ബെഞ്ചിൽ നിന്ന് മാറ്റി, ജസ്റ്റിസ് ദീപക് മിശ്ര പരിഗണിച്ചെങ്കിലും ലോയ മരണത്തിൽ അന്വേഷണം വേണ്ടെന്ന് തന്നെയാണ് വിധിച്ചത്. 

2019ൽ, രഞ്ജൻ ഗോഗോയ് ചീഫ് ജസ്റ്റിസായിരുന്നപ്പോൾ, മുൻ കോടതി ജീവനക്കാരിയുടെ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന ആരോപണക്കേസ് കൈകാര്യം ചെയ്തതും അരുൺ മിശ്രയായിരുന്നു. സ്ത്രീയുടെ ആരോപണങ്ങൾ പരിഗണിക്കുന്നതിനായി ഒരു ശനിയാഴ്ച ചീഫ് ജസ്റ്റിസ് തന്നെ വിളിച്ച പ്രത്യേക ബെഞ്ചിന്റെ ഭാഗമാകാൻ ജസ്റ്റിസ് മിശ്രയെ ഗോഗോയ് തയ്യാറാക്കി. ഹിയറിങ്ങിന് ശേഷം ഗോഗോയുടെ നിരപരാധിത്വം പ്രഖ്യാപിച്ച മിശ്ര സ്ത്രീയുടെയും കുടുംബത്തിന്റെയും സ്വഭാവ ദാര്‍ഢ്യത്തെ ആക്രമിക്കുകയും ചെയ്തു. പ്രത്യേക അന്വേഷണത്തിന് ജുഡീഷ്യറിയെ അസ്ഥിരപ്പെടുത്താനുള്ള കോർപ്പറേറ്റ് ഫിക്സർമാർ നടത്തിയ ഗൂഢാലോചനയുടെ ഭാഗം മാത്രമായിരുന്നു ഈ കേസെന്ന് മിശ്ര വിധിയെഴുതി.

രാജസ്ഥാൻ കോൺഗ്രസ്സ് സർക്കാർ കേസിലും, സർക്കാരിന് എതിരായ  നടപടിയാണ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിമതരെ അയോഗ്യരാക്കിയ സ്പീക്കറിന്റെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

ജസ്റ്റിസ് അരുൺ മിശ്രയുടെ പിതാവ് മധ്യപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. ഇപ്പോൾ, മിശ്രയുടെ സഹോദരൻ വിശാൽ മിശ്രയും മധ്യപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയാണ്. എന്നാൽ, 45 വയസ് തികയും മുൻപ് ചട്ടം ലംഘിച്ച് ഹൈക്കോടതി ജഡ്ജിയായി വിശാൽ മിശ്രയ്ക്ക് സ്ഥാനക്കയറ്റം നൽകി എന്നൊരു ആക്ഷേപമുണ്ട്. അതിനെ സാധൂകരിക്കുന്ന തരത്തിൽ ഹൈക്കോടതി ജഡ്ജിയെ തെരഞ്ഞെടുക്കുന്ന കൊളീജിയത്തിൽ അരുൺ മിശ്രയും ഉണ്ടായിരുന്നുവെന്നതും അടിവരയിടാം.  

സ്വജനപക്ഷാപാതവും രാഷ്ട്രീയ ചായ്‌വുകളും നിഴലിച്ച മിശ്രയുടെ വിധിന്യായ പ്രസ്താവനകളുടെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഈ കേസുകൾ. സുപ്രീം കോടതിയിൽ നിന്നും പുറത്തുവന്നുകൊണ്ടിരുന്ന വിധികളിൽ പലതും ജനാധിപത്യത്തിന് കത്തിവെയ്ക്കുന്നവയാണെന്ന് തിരിച്ചറിയുന്ന സാഹചര്യത്തിലെങ്കിലും ചീഫ് ജസ്റിസുമാരുടെ വിധികളെ കീറിമുറിച്ച് പരിശോധിക്കേണ്ടതില്ലേ?

By Arya MR