കൊച്ചി:
സംസ്ഥാനത്തെ ഒരു മന്ത്രി പുത്രന് ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ ലഭിച്ചുട്ടുണ്ടെന്ന സൂചനകൾക്ക് പിന്നാലെ അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ. സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സൂചന ലഭിച്ചത്. കമ്മീഷൻ ലഭിച്ചത് മന്ത്രി ഇ പി ജയരാജന്‍റെ മകനാണെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ മന്ത്രി പുത്രന്‍ ആരെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിൽ ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷൻ ആണെന്നായിരുന്നു കണ്ടെത്തൽ. ഈ ഇടപാടിന് ചുക്കാൻ പിടിച്ചത് മന്ത്രി പുത്രനാണെന്ന സൂചനകളെത്തുടർന്നാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചത്. മന്ത്രി പുത്രന്‍റെ ദുബായ് യാത്രകളും അന്വേഷിക്കുന്നതായാണ് റിപ്പോർട്ട്. സ്വപ്ന സുരേഷും മന്ത്രി പുത്രനും ഒരുമിച്ചുളള ചിത്രങ്ങളും അന്വേഷണ സംഘങ്ങൾക്ക് ലഭിച്ചിരുന്നു.