Mon. Dec 23rd, 2024
ടെഹ്‌റാന്‍:

ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ നടപ്പാക്കി. 2018-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. ഇറാനിയൻ മാധ്യമങ്ങളാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

‘കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റേയും മാതാപിതാക്കളുടേയും നിര്‍ബന്ധപ്രകാരം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ അഫ്കാരിയെ വധിച്ചു’ എന്നാണ് തെക്കന്‍ ഫാര്‍സ് പ്രവിശ്യ നീതിന്യായ വകുപ്പ് മേധാവിയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്കാരിക്ക് വധശിക്ഷ പ്രഖ്യാപിച്ചത് അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. തെറ്റായ രീതിയില്‍ കുറ്റസമ്മതം നടത്തിപ്പിച്ച് തന്നെ പീഡിപ്പിച്ചെന്ന് അഫ്കാരി പറഞ്ഞതായി അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. അഫ്കാരി തെറ്റ് ചെയ്തതിന് യാതൊരു തെളിവുകളുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും പറഞ്ഞു.

എന്നാൽ, ഈ ആരോപണങ്ങളെ ഇറാൻ ജുഡീഷ്യറി തള്ളുകയായിരുന്നു. അഫ്കാരിയെ വധിച്ചാല്‍ ഇറാനെ ലോക കായിക രംഗത്തു നിന്ന് പുറത്താക്കണമെന്ന് 85,000 അത്‌ലറ്റുകളെ പ്രതിനിധീകരിക്കുന്ന ഒരു ആഗോള യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു.

By Arya MR