തിരുവനന്തപുരം:
മതഗ്രന്ഥങ്ങള്‍ തിരിച്ചയയ്ക്കാന്‍ തയ്യാറാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലില്‍ മന്ത്രി കെടി ജലീല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. സ്വന്തമായി വാഹനങ്ങളില്ല, പത്തൊമ്പതര സെന്‍റ് സ്ഥലം മാത്രമാണുള്ളത്. താന്‍ സമ്പന്നനല്ലെന്നും എന്‍ഫോഴ്സ്മെന്‍റിനോട് ജലീല്‍ പറഞ്ഞതായാണ് വിവരം.
അതേസമയം, സംസ്ഥാനമൊട്ടാകെ കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള യുവജനസംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. എന്നാല്‍, മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ കഴിയുന്ന മന്ത്രി ഇതുവരെ ഇഡിയുടെ ചോദ്യം ചെയ്യലിനെ കുറിച്ച് പരസ്യപ്രതികരണം നടത്താന്‍ തയ്യാറായിട്ടില്ല.
ഇതിനിടെ, കെടി ജലീൽ സ്വകാര്യ വാഹനത്തിൽ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫിസിലെത്തിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.46ന് പകർത്തിയ ദൃശ്യങ്ങളാണ് ഇത്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം മന്ത്രി ജലീലിനെ കൊണ്ടുപോകുന്നതിനായി വാഹനം വരുന്നതും മന്ത്രിയുമായി തിരിച്ചുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്നതിന് സമീപത്തെ തുണിക്കടയിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളിലാണ് മന്ത്രി ഇഡിയുടെ ഓഫീസില്‍ എത്തിയെന്ന് തെളിയിക്കുന്നത്.