Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയിൽ നിന്ന് തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കേന്ദ്രങ്ങൾ പറയുന്നത്. മന്ത്രിയുടെ ഉത്തരങ്ങളില്‍ പൂര്‍ണ തൃപ്തിയില്ലാതെയാണ് ഇഡി അദ്ദേഹത്തെ വിട്ടയച്ചതെന്നും സൂചനയുണ്ട്.

നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് മറയാക്കി പ്രതികൾ സ്വർണക്കളളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്. യുഎഇ നയതന്ത്രബാഗേജിലെ സാധനങ്ങള്‍ എന്തായിരുന്നുവെന്ന് അറിയില്ലെന്നും തനിക്കു ലഭിച്ച പായ്ക്കറ്റുകളില്‍ മതഗ്രന്ഥങ്ങളായിരുന്നുവെന്നുമായിരുന്നു മന്ത്രി ജലീല്‍ ഇ.ഡിക്ക് മൊഴി നല്‍കിയിരുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ഔദ്യോഗികബന്ധം മാത്രമേയുള്ളൂവെന്നും കെടി ജലീല്‍ പറഞ്ഞിരുന്നു.

അതേസമയം, മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. സംസ്ഥാന വ്യാപകമായി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനങ്ങൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ രാത്രി വരെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam