Wed. Nov 6th, 2024

തിരുവനന്തപുരം:

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ. സര്‍ക്കാര്‍ ഈ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം അവശേഷിക്കെ ഉപ തെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യമാണെന്ന് യോഗം വിലയിരുത്തി. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ തത്ക്കാലത്തേക്ക് മാറ്റിവെക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ട‍ത്.

ഇന്ന് രാവിലെ പത്തു മണിക്ക് ഓണ്‍ലൈന്‍ ആയാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്.  കൊവി‍ഡ് സാഹചര്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവച്ചാല്‍ മാത്രം നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുളള നീക്കത്തെ പിന്തുണയ്ക്കാം എന്നായിരുന്നു യുഡിഎഫ് നിലപാട്.

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് അനന്തമായി നീട്ടരുതെന്നും തീയതികള്‍ പുനക്രമീകരിക്കണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കരുതെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടത്.

By Athira Sreekumar

Digital Journalist at Woke Malayalam